ടൂറിസ്റ്റുകൾക്ക് താത്കാലിക ഭാര്യമാർ; ഇന്തോനേഷ്യയിൽ സെക്‌സ് ടൂറിസം തഴയ്ക്കുന്നു

"ആനന്ദ വിവാഹങ്ങൾ" എന്നറിയപ്പെടുന്ന ഈ വിവാദപരമായ ആചാരം ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ 'ലാഭകരമായ വ്യവസായമായി' വളർന്നിരിക്കുകയാണ്
indonesian women trapped in temporary pleasure marriages with tourists for money
വിനോദ സഞ്ചാരികൾക്ക് താത്ക്കാലിക ഭാര്യമാർ; ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ വളരുന്ന സെക്‌സ് ടൂറിസം
Updated on

ഇന്തോനേഷ്യൻ ഗ്രാമങ്ങളിലെ വിചിത്രമായൊരു തൊഴിലിനെക്കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുന്നു. ദരിദ്ര കുടുംബ പശ്ചാത്തലത്തിൽനിന്നുള്ള യുവതികൾ പണത്തിനായി പുരുഷ വിനോദ സഞ്ചാരികളുടെ താത്ക്കാലിക ഭാര്യമാരാവുന്ന സമ്പ്രദായമാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. അറബ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ പൻകാക്കിൽ ഈ പ്രതിഭാസം വ്യാപകമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമായും ഏജൻസികൾ വഴി നടക്കുന്ന ഇത്തരം ഹ്രസ്വകാല വിവാഹങ്ങൾ വഴി ഇന്തോനേഷ്യൻ സ്ത്രീകൾ ചൂഷണത്തിനിരയാവുന്നതായാണ് റിപ്പോർട്ടുകൾ. പ്രാദേശിക സ്ത്രീകൾക്ക് വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഏജൻസികളിലൂടെയാണ് ഈ വ്യവസായം വ്യാപിക്കുന്നത്.

സ്ത്രീയും സഞ്ചാരിയും പരസ്പരം കണ്ട് ഇരുവർക്കും സമ്മതമാണെന്നറിയിച്ചാൽ പിന്നെ അനൗപചാരിക വിവാഹമാണ്. ശേഷം വിനോദ സഞ്ചാരികൾ സ്ത്രീകൾക്ക് ഒരു വില/വാടക നിശ്ചയിക്കും. അത് ഏജന്‍റ് വഴിയാണ് കൈമാറുക. തുടർന്ന് വിനോദസഞ്ചാരികളുടെ താമസ സ്ഥലത്ത് സ്ത്രീ ലൈംഗികവും ഗാർഹികവുമായ സേവനങ്ങൾ അനുഷ്ടിക്കുന്നു. വിനോദ സഞ്ചാരികൾ മടങ്ങുമ്പോൾ വിവാഹ ബന്ധവും വേർപെടുത്തും.

"ആനന്ദ വിവാഹങ്ങൾ" എന്നറിയപ്പെടുന്ന ഈ വിവാദപരമായ ആചാരം പല ഇന്തോനേഷ്യൻ ഗ്രാമങ്ങളിലും 'ലാഭകരമായ വ്യവസായമായി' വളർന്നിരിക്കുകയാണ് ഇപ്പോൾ. ഇത് ടൂറിസത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു എന്നാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ വാദം. ഇതിൽ മുന്നിൽ നിർത്തുന്ന സ്ത്രീകളെക്കാൾ പണം സമ്പാദിക്കുന്നത് ഏജന്‍റുമാരും ഉദ്യോഗസ്ഥരുമാണെന്നതാണ് ശ്രദ്ധേയം. വിനോദ സഞ്ചാരികൾ നൽകുന്ന ആകെ തുകയുടെ പകുതിയിലും താഴെ മാത്രമാണ് 'വിവാഹത്തിന്' സന്നദ്ധയാകുന്ന സ്ത്രീക്ക് ലഭിക്കുക.

ദരിദ്ര സ്ത്രീകളുടെ ദുരവസ്ഥയെയാണ് യഥാർഥത്തിൽ ഇവിടെ വ്യവസായമാക്കി മാറ്റുന്നത്. മാത്രമല്ല, സെക്‌സ് ടൂറിസത്തെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നതിനെക്കുറിച്ചും ഈ സമ്പ്രദായം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. സോഷ്യൽ മീഡിയയിലടക്കം ഗുരുതരമായ വിമർശനമാണ് ഈ സമ്പ്രദായത്തിനെതിരേ ഉയരുന്നത്.

Trending

No stories found.

Latest News

No stories found.