തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്ടർ കണ്ടെത്തി. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അപകടം നടന്ന ഹെലികോപ്റ്റർ കണ്ടെത്തിയത്. എന്നാൽ യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാലാവസ്ഥ മോശമായതിനാൽ തെരച്ചില്‍ ദുഷ്‌കരമായിരുന്നു. ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് അപകട സ്ഥലം കണ്ടെത്താനായതെന്നാണ് റിപ്പോർട്ടുകൾ.
കോപ്ടർ തകർന്നുവീണ മേഖലയിൽ രക്ഷാപ്രവർത്തക സംഘം എത്തിയതായി ഇറാൻ റെഡ് ക്രസന്‍റ് ആണ് അറിയിച്ചത്. ഹെലികോപ്ടർ കാണാതായെന്ന് കരുതുന്ന സ്ഥലത്ത് താപനില കൂടിയ മേഖല തുർക്കിയയുടെ അകിൻസി നിരീക്ഷണ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹെലികോപ്ടർ അപകടത്തിൽപെട്ടതിനെ തുടർന്നുള്ള ചൂടാണിതെന്നാണ് കരുതുന്നത്. തുടർന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തക സംഘം എത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരെ കുറിച്ചുള്ള വിവരം ഇതുവരെ ലഭിച്ചട്ടില്ല.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് ഇന്നലെ തെഹ്റാനിൽനിന്ന് 600 കിലോമീറ്റർ അകലെ അപകടത്തിൽ പെട്ടത്. പ്രസിഡന്റ് ഉള്‍പ്പടെ 9 പേരാണ് അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ജുൽഫയിലെ വനമേഖലയിലെ മലനിരയില്‍ ഇടിച്ചിറക്കി എന്നാണ് നിഗമനം. പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് നിലനില്‍ക്കുകയാണ്.
മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
അതേസമയം ഇറാന് സഹായം വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. റഷ്യ രക്ഷാദൗത്യത്തിൻ്റെ ഭാഗമാകും. എയര്‍ക്രാഫ്റ്റുകളും 50 അംഗ രക്ഷാസേനയേയും അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.