ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകൾക്ക് 10 വർഷം വരെ തടവ്: ഇറാനിൽ നിയമം പാസായി

ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് മാത്രമല്ല അവർക്ക് സേവനങ്ങൾ നൽകുന്ന കച്ചവടക്കാർ, സഹായിക്കുന്ന സാമൂഹ്യപ്രവർത്തകർ എന്നിവർക്കും ശിക്ഷ ലഭിക്കും.
Representative image
Representative image
Updated on

ദുബായ്: സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധമാക്കിക്കൊണ്ടുള്ള വിവാദ വസ്ത്രധാരണ നിയമം പാസ്സാക്കി ഇറാൻ പാർലമെന്‍റ്. നിയമം ലംഘിക്കുന്നവർക്ക് പത്തു വർഷം വരെ തടവും പിഴയും ലഭിക്കും. ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരിൽ മാഹ്സ അമിനി എന്ന പെൺകുട്ടി കൊല്ലപ്പെട്ടതിന്‍റെ പേരിൽ രാജ്യത്ത് പ്രതിഷേധം ആളിക്കത്തിയിരുന്നു. അമിനിയുടെ കൊലപാതകത്തിന്‍റെ ആദ്യ വാർഷികം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് പാർലമെന്‍റ് വിവാദ നിയമം പാസ്സാക്കിയിരിക്കുന്നത്. നിലവിൽ ഹിജാബ് ധരിക്കാതിരുന്നാൽ രണ്ട് മാസം വരെ തടവോ 5000 മുതൽ 500,000 റിയാൽ വരെ പിഴയോ ആണ് ശിക്ഷയായി ലഭിക്കുക.

പുതിയ നിയമം പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടികളും സ്ത്രീകളും പൊതു സ്ഥലങ്ങളിൽ ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും വേണം. ഇതു ലംഘിക്കുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവും 360 ദശലക്ഷം റിയാൽ വരെ പിഴയുമാണ് ലഭിക്കുക. നിർബന്ധിത ശിരോവസ്ത്രായ ഹിജാബ് ധരിക്കാത്ത സ്ത്രീകൾക്ക് മാത്രമല്ല അവർക്ക് സേവനങ്ങൾ നൽകുന്ന കച്ചവടക്കാർ, സഹായിക്കുന്ന സാമൂഹ്യപ്രവർത്തകർ എന്നിവർക്കും ശിക്ഷ ലഭിക്കും. സമൂഹമാധ്യമങ്ങളിലൂടെ നഗ്നത പ്രോത്സാഹിക്കുന്നവർക്കും ഹിജാബിനെ പരിഹസിക്കുന്നവർക്കും ശിക്ഷ ബാധകമായിരിക്കും. 290 അംഗ കൗൺസിലിൽ 152 പേരുടെ പിന്തുണയോടെയാണ് നിയമം പാസ്സായത്.

2022 സെപ്റ്റംബർ 16നാണ് 22 കാരിയായ അമിനി ശിരോവസ്ത്രം ധരിക്കാഞ്ഞതിന്‍റെ പേരിൽ കൊല്ലപ്പെട്ടത്. അതിനു പുറകേ ഉണ്ടായ പ്രക്ഷോഭത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെടുകയും 22,000 പേർ അറസ്റ്റിലാവുകയുമുണ്ടായി. എന്നാൽ ഹിജാബ് നിയമം ഇസ്ലാമിക് റിപ്പബ്ലിക് എന്ന നിലയിൽ രാജ്യത്തിന്‍റെ നെടും തൂണാണെന്നാണ് ഭരണാധികാരികൾ വാദിക്കുന്നത്.

Trending

No stories found.

Latest News

No stories found.