ജറൂസലം: ഗാസയിൽ കഴിഞ്ഞ 13നു നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ സൈനിക വിഭാഗം തലവൻ മുഹമ്മദ് ദെയിഫ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. തെക്കൻഗാസയിലെ ഖാൻ യൂനിസ് നഗരത്തിനു സമീപം ഒരു സമുച്ചയത്തിനു നേരേ നടത്തിയ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും ആഴ്ചകൾ നീണ്ട പരിശോധനയിലാണ് ഇക്കാര്യം ഉറപ്പിച്ചതെന്നും ഇസ്രേലി സൈന്യം. എന്നാൽ, ഹമാസ് ഇതു നിഷേധിച്ചു.
ഹമാസിന്‍റെ രാഷ്‌ട്രീയ വിഭാഗം മേധാവി ഇസ്മായിൽ ഹനിയ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുഹമ്മദ് ദെയിഫിന്‍റെ വധം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്റ്റോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു ചുക്കാൻ പിടിച്ചത് ദെയിഫായിരുന്നു. ജൂലൈ 13ലെ ആക്രമണത്തിൽ 90 പേരാണ് കൊല്ലപ്പെട്ടത്. ഇക്കൂട്ടത്തിൽ ദെയിഫുമുണ്ടെന്ന് ഇസ്രേലി ഇന്‍റലിജൻസ് ഏജൻസികളാണ് കണ്ടെത്തിയത്.
ഒക്റ്റോബർ 7ലെ ആക്രമണത്തിന്‍റെ മറ്റൊരു ആസൂത്രകൻ യഹിയ സിൻവറാണ് ഇസ്രയേലിന്‍റെ അടുത്ത ലക്ഷ്യം. ഗാസയിലുള്ള ഇയാളെ ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഇസ്രയേൽ. ഹമാസ് സൈനിക വിഭാഗമായ ഖാസം ബ്രിഗേഡിന്‍റെ സ്ഥാപകരിൽ ഒരാളാണു ദെയിഫ്. ഇസ്രയേലിനെതിരേ ഹമാസ് നിരവധി ചാവേറാക്രമണങ്ങളും റോക്കറ്റ് ആക്രമണങ്ങളും നടത്തിയത് ഇയാളുടെ നേതൃത്വത്തിലായിരുന്നു.
അതേസമയം, ഇസ്മായിൽ ഹനിയയുടെ മൃതദേഹം വ്യാഴാഴ്ച ടെഹ്റാനിൽ പൊതുദർശനത്തിനു വച്ചു. ഹനിയയെ വധിച്ചത് ഇസ്രയേലാണെന്നും ഇതിനു പ്രതികാരം ചെയ്യുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.