കരയുദ്ധത്തിനു തയാറെടുക്കുക: ഇസ്രയേൽ

യുദ്ധം രണ്ടാഴ്ച പിന്നിട്ടതോടെയാണ് ആക്രമണം രൂക്ഷമാക്കാൻ ഇസ്രയേലിന്‍റെ നീക്കം.
ഇസ്രയേൽ സൈന്യം
ഇസ്രയേൽ സൈന്യം
Updated on

ജറൂസലം: ഉത്തരവ് ലഭിച്ചാൽ ഗാസയിലേക്ക് ഇരച്ചുകയറുന്നതിനു സജ്ജരായിരിക്കാൻ ഇസ്രേലി കരസേനയോടു പ്രതിരോധ മന്ത്രി യോവ് ഗാലന്‍റ്. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ ഗാസ അതിർത്തിയിലുള്ള സേനയോടു ഗാലന്‍റ് നിർദേശിച്ചു. വരും ദിവസങ്ങളിൽ ഗാസമുനമ്പിൽ രക്തരൂഷിത ആക്രമണം ആരംഭിക്കുമെന്നു മുൻ പ്രധാനമന്ത്രി യെഹൂദ് ബരാക്കും സൈന്യത്തിന് "ഗ്രീൻ സിഗ്നൽ' നൽകിയെന്നു ധനമന്ത്രി നിർബർക്കത്തും പ്രഖ്യാപിച്ചു.

യുദ്ധം രണ്ടാഴ്ച പിന്നിട്ടതോടെയാണ് ആക്രമണം രൂക്ഷമാക്കാൻ ഇസ്രയേലിന്‍റെ നീക്കം. ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിശാലമായ യുദ്ധത്തിന് തയാറാണെന്നാണ് ഇസ്രേലി സേനയുടെ പ്രഖ്യാപനം. യുദ്ധം വ്യാപിക്കുമെന്ന ഭീതിക്കിടെ ഇന്നലെ ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹുതി വിമതർ ഇസ്രയേലിനെ ലക്ഷ്യമിട്ടു മിസൈലാക്രമണം നടത്തി. എന്നാൽ, മെഡിറ്ററേനിയൻ കടലിലുള്ള യുഎസ് പടക്കപ്പൽ യുഎസ്എസ് കാർനി ഇതു തകർത്തു. ലെബനൻ അതിർത്തിയിലും സ്ഥിതി വ്യത്യസ്തമല്ല. യുദ്ധഭീതിയെത്തുടർന്ന് ഇവിടെ നിന്നു ജനങ്ങളുടെ കൂട്ടപ്പലായനം തുടങ്ങി. ഇസ്രയേലിനു പിന്തുണയുമായി യുദ്ധക്കപ്പൽ അയച്ച യുഎസിനെതിരേ ഇറാൻ സേനാ മേധാവി മേജർ ജനറൽ മുഹമ്മദ് ബഘേരി രംഗത്തെത്തി. പ്രത്യാഘാതം രൂക്ഷമാകുമെന്നാണു ബഘേരിയുടെ ഭീഷണി.

ഹമാസിനെയും റഷ്യയെയും വിജയിക്കാൻ അനുവദിക്കില്ല: ബൈഡൻ

വാഷിങ്ടൺ: ഹമാസും റഷ്യയും ആഗ്രഹിക്കുന്നത് അയൽപക്കത്തെ ജനാധിപത്യം ഇല്ലാതാക്കാനാണെന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രെയ്‌നെതിരേ വിജയിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെയും ഇസ്രയേലിനെതിരേ വിജയിക്കാൻ ഹമാസിനെയും അനുവദിക്കില്ലെന്നും അദ്ദേഹം. അവർ വിജയിച്ചാൽ സംഘർഷവും അരാജകത്വവും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും പടരും. ഇസ്രയേൽ സന്ദർശനത്തിനുശേഷം യുഎസിൽ തിരിച്ചെത്തിയ ബൈഡൻ അമെരിക്കൻ ജനതയോടു നടത്തിയ പ്രസംഗത്തിലാണു കടുത്ത നിലപാട് പ്രഖ്യാപിച്ചത്. ഇസ്രയേലിനും യുക്രെയ്നു സാമ്പത്തിക സഹായം നൽകുമെന്നു പ്രഖ്യാപിച്ച ബൈഡൻ ഇതിന് അനുമതി നൽകാൻ യുഎസ് പാർലമെന്‍റിനോട് അഭ്യർഥിച്ചു.

നമ്മുടേതുപോലുള്ള ഒരു മഹത്തായ രാഷ്‌ട്രത്തിന് നിന്ദ്യവും പക്ഷപാതപരവുമായ രാഷ്‌ട്രീയം അനുവദിക്കാനാകില്ല. ഹമാസ് ലോകത്തിനുമേല്‍ തിന്മയെ അഴിച്ചുവിട്ടു. തടവിലാക്കപ്പെട്ട യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കപ്പുറം മറ്റു മുന്‍ഗണനകളില്ല. ഇസ്രയേലിന്‍റെയും യുക്രെയ്‌ന്‍റെയും വിജയം യുഎസിന്‍റെ ദേശ സുരക്ഷയ്ക്ക് പ്രധാനമാണെന്നും 15 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ബൈഡൻ.

അതിർത്തി തുറക്കുന്നതു കാത്ത് ട്രക്കുകൾ

അടിയന്തരസഹായവുമായി ഈജിപ്റ്റിൽ നിന്നുള്ള ട്രക്കുകൾ ഇനിയും ഗാസയിലെത്തിയിട്ടില്ല. റഫ അതിർത്തിക്കടുത്ത് കാത്തിരിപ്പിലാണു ട്രക്ക് ഡ്രൈവർമാർ. ഇസ്രയേൽ ആക്രമണം തുടരുന്നതിനാലാണു സഹായം വൈകുന്നതെന്നാണു സൂചന. ട്രക്കുകൾ ഇന്ന് ഗാസയിലേക്കു കടന്നേക്കും. കഴിഞ്ഞ ദിവസം യുഎസ് ഇടപെട്ടു നടത്തിയ ചർച്ചയിലാണ് ഈജിപ്റ്റിൽ നിന്നുള്ള ട്രക്കുകൾക്ക് അനുമതി നൽകാൻ ഇസ്രയേൽ സന്നദ്ധത അറിയിച്ചത്. എന്നാൽ, സഹായം 20 ലോഡ് പോരാ, 100 ലോഡ് വേണമെന്നാണ് യുഎൻ നിലപാട്. 23 ലക്ഷം പേർ ഗാസയിലുണ്ട്. നിലവിൽ ഒരാൾക്ക് പ്രതിദിനം മൂന്നു ലിറ്ററിൽ താഴെ മാത്രം വെള്ളമാണു ലഭിക്കുന്നത്. അതിസാരം പോലുള്ള രോഗങ്ങൾക്ക് സാധ്യത ഏറെയാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു.

വൈദ്യുതിയും വെള്ളവും നിലച്ചതോടെ ഗാസയിൽ ഏഴ് ആശുപത്രികൾ പ്രവർത്തനം നിർത്തിയത് സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.