ജറൂസലം: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ രണ്ടു ദിവസം കൂടി നീട്ടി. നാലു ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ച ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കൂടുതൽ ഇളവിനുള്ള തീരുമാനം. യുഎസിന്‍റെയും ഖത്തറിന്‍റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് ധാരണ.
ഹമാസും ഇസ്രയേലും ഇക്കാര്യത്തിൽ സമവായത്തിലെത്തിയെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മജീദ് അല്‍ അന്‍സാരി അറിയിച്ചു. ഗാസ മുനമ്പിലേക്കു കൂടുതല്‍ സഹായം എത്തിക്കാനും അതോടൊപ്പം സാധ്യമാകുന്നത്രയും ബന്ദികളെയും പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനാകും ഈ കാലയളവ് വിനിയോഗിക്കുകയെന്നു മജീദ് അല്‍ അന്‍സാരി അറിയിച്ചു. വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ഹമാസ് ബന്ദിയാക്കിയ ഇരുപതോളം പേരെ മോചിപ്പിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
അതേസമയം വെടിനിര്‍ത്തല്‍ അവസാനിക്കുന്ന ഘട്ടത്തില്‍ കൂടുതല്‍ ശക്തമായി തിരിച്ചടിക്കുമെന്നു ഇസ്രയേല്‍ പ്രതിരോധന മന്ത്രി യോവ് ഗാലന്‍റ് അറിയിച്ചു. ഗാസ മുനമ്പില്‍ ഉടനീളം പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷത്തില്‍ നിന്നു പുറകോട്ട് പോകില്ലെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും നേരത്തെ വ്യക്തമാക്കിയിരുന്നു.