ഗാസ: ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ഉദ്യേശത്തോടെ സൈന്യം ആക്രമണം ശക്തമാക്കുമ്പോൾ വടക്കൻ ഗാസയിൽ ഹമാസ് താവളം പിടിച്ചെടുത്തതെന്ന് ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ സൈന്യത്തെ പ്രതിരോധിക്കാൻ ഹമാസ് സായുധ സംഘത്തെ പ്രാപ്തമാക്കുന്ന ഭൂഗർഭ തുരങ്ക ശൃംഖല തകർക്കാനുള്ള പരിശ്രമത്തിലാണ് ഇസ്രയേൽ സൈന്യം.
ഇസ്രയേൽ സൈന്യം ഗാസ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് കടന്നതായി പ്രതിരോധ മന്ത്രി യോവാവ് ഗാലന്‍റ് സ്ഥിരീകരിച്ചു. വ്യോമ, നാവിക, കരസേനകൾ സംയുക്തമായാണ് മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ ഹമാസ് പണിതീർത്ത നൂറുകണക്കിന് കിലോമീറ്ററുകൾ നീളമുള്ള തുരങ്ക ശൃംഖലയാണ് ഇസ്രയേൽ സൈന്യം ലക്ഷ്യമിടുന്നത്. ഇത് പൂർണമായും നടപ്പാക്കുന്നതിലൂടെ ഹമാസിന്‍റെ സമ്പൂർണ ഉന്മൂലനമെന്ന ലക്ഷ്യം ഒരു പരിധിവരെ കൈവരിക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ഇസ്രയേൽ സൈന്യത്തിലെ എൻജിനിയറിങ് വിഭാഗം ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് അവ തകർക്കാനാണ് ശ്രമം നടത്തുന്നതെന്ന് സൈനിക വക്താവ് വ്യക്തമാക്കി.