ന്യൂയോര്‍ക്ക്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ആവശ്യപ്പെട്ട് യുണൈറ്റഡ് നേഷന്‍സ് പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തു. 153 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ബഹറിന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണു പ്രമേയത്തെ പിന്തുണച്ചത്. യുഎസ്, ഇസ്രയേല്‍, ഓസ്ട്രിയ തുടങ്ങിയ പത്ത് രാജ്യങ്ങള്‍ എതിര്‍ത്തു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ നിന്ന രാജ്യങ്ങളില്‍ അര്‍ജന്റീന, യുക്രൈയ്ന്, ജര്‍മനി എന്നിവ ഉള്‍പ്പെടുന്നു.
അസാധാരണായ ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ശരിയായ സന്തുലിതാവസ്ഥ കൈവരിക്കുകയാണെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നു. ഏതു സാഹചര്യത്തിലായാലും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ഗാസയിലെ പ്രശ്ന പരിഹാരത്തിന് എല്ലാ രാജ്യങ്ങളും മുന്നിട്ടിറങ്ങണമെന്നും രുചിര കാംബോജ് പറഞ്ഞു. നേരത്തെ ഗാസയില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍ ഇന്ത്യ വോട്ട് ചെയ്യാതെ വിട്ടു നിന്നിരുന്നു.
ഹമാസിനെതിരേയുള്ള യുദ്ധത്തില്‍ വിവേചനരഹിതമായ ആക്രമണത്തിലൂടെ പൊതുജനങ്ങള്‍ക്ക് ജീവന് നഷ്ടപ്പെടുത്തുന്നതിലൂടെ ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് അമെരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വോട്ടെടുപ്പിനു മുന്നോടിയായി വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ രീതികളില്‍ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് അതിജീവനത്തിനുളള അവസരമൊരുക്കുമെന്നു യുഎന്നിലേക്കുള്ള ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ഡന്‍. യുഎന്നിന്റെ വെടിനിർത്തൽ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് അറിയിച്ചു. വെടിനിർത്തൽ സാധ്യമാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം സമ്മർദം തുടരണമെന്നും ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസത്ത് അൽ-റിഷ്ക് പറഞ്ഞു.
ഒക്റ്റോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം ആരംഭിച്ച യുദ്ധം മൂന്നു മാസം പിന്നിടുകയാണ്. ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ അവശ്യം ശക്തമായിരുന്നു. അതിനു പിന്നാലെയാണ് പ്രമേയം അവതരിപ്പിച്ചു കൊണ്ടുള്ള ശക്തമായ നീക്കവുമായി യുഎന്‍ എത്തുന്നത്.