ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിച്ച് ഇസ്രയേൽ സേന

ഇസ്രയേലിൽ നിന്നു തട്ടിക്കൊണ്ടു വന്നു ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് അൽ ഷിഫയിലാണെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു.
ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിച്ച് ഇസ്രയേൽ സേന
Updated on

ഗാസ: ഹമാസിന്‍റെ പ്രധാന ഒളിത്താവളമെന്നു കരുതപ്പെടുന്ന ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്കുള്ളില്‍ ഇസ്രയേല്‍ സേന പ്രവേശിച്ചു. ഇന്നലെ പുലര്‍ച്ചെയാണു മുന്നറിയിപ്പ് നല്‍കിയ ശേഷം സേന ആശുപത്രിക്കുള്ളില്‍ കടന്നത്. ഹമാസിന്‍റെ ഒളിത്താവളവും കമാന്‍ഡിങ് സെന്‍ററുകളും അല്‍ ഷിഫ ആശുപത്രിക്കുള്ളിലും, അതിനു കീഴിലെ ടണലുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നു നേരത്തെ തന്നെ ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. ഒക്റ്റോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രയേലിൽ നിന്നു തട്ടിക്കൊണ്ടു വന്നു ബന്ദികളാക്കിയവരെ പാർപ്പിച്ചിരിക്കുന്നത് അൽ ഷിഫയിലാണെന്ന അഭ്യൂഹങ്ങളുമുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ്, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിക്കു പുറത്തു തുടര്‍ന്നിരുന്ന ആക്രമണം അകത്തേക്കു കൂടി വ്യാപിപ്പിച്ചത്. ഗാസ മുനമ്പിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽ ഷിഫ.

എത്ര ട്രൂപ്പുകള്‍ ആശുപത്രിയുടെ ഉള്ളില്‍ പ്രവേശിച്ചെന്നു വ്യക്തമല്ലെങ്കിലും, ഇസ്രയേല്‍ ടാങ്കുകള്‍ കോംപൗണ്ടില്‍ നിലയുറപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ ഷിഫയുടെ അകത്ത് സേന പ്രവേശിക്കുകയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശുപത്രിക്കുള്ളിലെ സേനാനീക്കത്തിനു മുപ്പത് മിനിറ്റ് മുമ്പാണു മുന്നറിയിപ്പ് നല്‍കിയത്. രോഗികളെക്കൂടാതെ അഭയം തേടിയെത്തിയ പലസ്തീനികളും അല്‍ ഷിഫയിലുണ്ട്. സേനയുടെ കടന്നുകയറ്റം രോഗികളെയും ആരോഗ്യപ്രവർത്തകരെയും അഭയം തേടിയെത്തിയവരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്ന് അൽ ഷിഫയിലെ ഡോക്റ്റർമാർ വ്യക്തമാക്കി.

യുദ്ധം ഹമാസിനെതിരേയാണെന്നും, പൊതുജനങ്ങള്‍ക്കെതിരേയല്ലെന്നും ഇസ്രയേല്‍ സേന വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു യുദ്ധം തുടരുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി ഹമാസ് ആരോഗ്യ സംവിധാനങ്ങളെ കവചമാക്കുകയാണ്. യുദ്ധത്തിലെ അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനം നടത്തുന്നതു ഹമാസാണ്, സേന വക്താവ് വ്യക്തമാക്കി. അതേസമയം ആരോഗ്യ സംവിധാനങ്ങള്‍ക്കു നേരെയുള്ള ആക്രമണത്തെ അപലപിച്ച് ഹമാസ് രംഗത്തെത്തി. തെറ്റായ വിവരം പുറത്തുവിട്ട് പൊതുജനങ്ങള്‍ക്കു നേരെ ഇസ്രയേല്‍ സേന ആക്രമണം തുടരുകയാണ്. ഇതിന് അമെരിക്കയുടെ പിന്തുണയുമുണ്ടെന്ന് ഹമാസ് ആരോപിച്ചു.

Trending

No stories found.

Latest News

No stories found.