ഗാസ: ഗാസയില്‍ ഹമാസ് ഉപയോഗിച്ചിരുന്ന ഏറ്റവും നീളമുള്ള ടണല്‍ കണ്ടെത്തിയതായി ഇസ്രയേല്‍ സേന. കിഴക്കന്‍ ഗാസയില്‍ ഇറെസ് അതിര്‍ത്തിക്കു സമീപത്തായാണ് ടണല്‍ കണ്ടെത്തിയിരിക്കുന്നത്. ടണലിന്‍റെ ചിത്രങ്ങളും സേന പുറത്തുവിട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹമാസ് ടണലുകള്‍ കേന്ദ്രീകരിച്ചാണ് ഇസ്രയേലിന്‍റെ പോരാട്ടം തുടരുന്നത്. ടണലുകളില്‍ കടല്‍വെള്ളം നിറയ്ക്കുന്ന പ്രവര്‍ത്തികളും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.
വാഹനങ്ങള്‍ക്കു പോലും കടക്കാന്‍ കഴിയുന്ന വിധം വിസ്തൃതിയുള്ള 4 കിലോമീറ്റര്‍ ദൂരമുള്ള ടണലാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. സേനയുടെ സാങ്കേതിക വിഭാഗവും വിദഗ്ധരും ടണലുകള്‍ ഒഴിപ്പിക്കുന്നതിനും ഭീഷണി ഒഴിവാക്കുന്നതിനുമായുള്ള പ്രവര്‍ത്തികള്‍ തുടരുകയാണെന്നു സേന വ്യക്തമാക്കുന്നു. ആശയവിനിമയ സൗകര്യങ്ങളും, വൈദ്യുതിയുമൊക്കെയുള്ള ടണലാണ് ഇറെസ് അതിര്‍ത്തിക്ക് സമീപം കണ്ടെത്തിയിരിക്കുന്നത്. ആയുധങ്ങളും ഇവിടെ നിന്നു ലഭിച്ചിട്ടുണ്ട്.
ഹമാസിന്‍റെ ആക്രമണത്തിന്‍റെ കേന്ദ്രം ടണലുകളാണെന്നു ഇസ്രയേല്‍ സേന നേരത്തെ അറിയിച്ചിരുന്നു. ഹമാസിന്‍റെ സതേണ്‍ ബ്രിഗേഡ് തലവന്‍ മുഹമ്മദ് സിന്‍വാറിന്‍റെ നേതൃത്വത്തിലാണ് ഗാസയിലെ ടണല്‍ പ്രൊജക്റ്റ് നിര്‍മിച്ചിരിക്കുന്നതെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. ഒരു ടണലിന്‍റെ ഉള്ളിലൂടെ സിന്‍വാര്‍ വാഹനത്തില്‍ സഞ്ചരിക്കുന്ന വിഡിയൊയും സേന പുറത്തുവിട്ടിരുന്നു. കഴിഞ്ഞയാഴ്ച 800ഓളം ടണല്‍ ഷാഫ്റ്റുകള്‍ സേന തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ 500ഓളം ഷാഫ്റ്റുകള്‍ നശിപ്പിക്കുകയും ചെയ്തു.
അതേസമയം ഗാസയിലെ ജബലിയ അഭയാർഥി ക്യാംപിനു സമീപത്ത് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. നൂറോളം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇതോടെ ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 19,000 കടന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം എഴുപത്തഞ്ചാം ദിവസത്തിലേക്ക് അടുക്കുമ്പോൾ വെടിനിർത്തലിനുള്ള അന്താരാഷ്‌ട്ര ആവശ്യം ശക്തമാകുകയാണ്. ഇതിനായുള്ള ചർച്ചകളും തുടർന്നു വരുന്നുണ്ട്.