ഗാസയിൽ ഇസ്രയേലിന്‍റെ ബോംബ് വർഷം; 22 പേർ മരിച്ചു

6 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34000 കടന്നു.
Israeli Strikes on Rafah Kill 22 mostly kids
Israeli Strikes on Rafah Kill 22 mostly kids
Updated on

റഫ: യുഎസിൽ നിന്ന് 2600 കോടി ഡോളറിന്‍റെ അധിക സൈനിക സഹായം ലഭിച്ചതിനു പിന്നാലെ ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ശനിയാഴ്ച രാത്രിയും ഇന്നലെ പകലുമായി റഫയിൽ നടത്തിയ ആക്രമണത്തിൽ 18 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചു. കുവൈറ്റി ആശുപത്രിക്കു സമീപമായിരുന്നു ആദ്യ ആക്രമണം. ഇവിടെ ഗർഭിണിയും ഭർത്താവും മൂന്നു വയസുള്ള കുട്ടിയും മരിച്ചു. ഗർഭസ്ഥ ശിശുവിനെ രക്ഷപെടുത്തിയെന്ന് ആശുപത്രി അധികൃതർ. മണിക്കൂറുകൾക്കുള്ളിൽ നടത്തിയ രണ്ടാം വ്യോമാക്രമണത്തിലാണ് ഒരു കുടുംബത്തിലെ രണ്ടു സ്ത്രീകളും 17 കുട്ടികളും മരിച്ചത്. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ആറു കുട്ടികൾ ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയാണ് ഇസ്രയേലിന് സൈനിക സഹായമായി 2600 കോടി ഡോളറും യുക്രെയ്‌നിന് 6100 കോടി ഡോളറും യുഎസ് സഹായം അനുവദിച്ചത്. ഇസ്രയേലിനുള്ള സഹായത്തിൽ 900 കോടി ഗാസയ്ക്കു ഭക്ഷണവും മരുന്നുമുൾപ്പെടെ സാമഗ്രികൾക്കു വേണ്ടിയാണ്.

6 മാസം പിന്നിട്ട ഇസ്രയേൽ- ഹമാസ് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34000 കടന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഗാസ ഏതാണ്ടു പൂർണമായി തകർന്നു. ഇവിടെയുണ്ടായിരുന്നവർ ഭൂരിപക്ഷവും തീരദേശത്തേക്കു നീങ്ങി. ഗാസയിൽ പട്ടിണിമരണമുണ്ടാകുമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. അതിനിടെ, വെസ്റ്റ് ബാങ്കിലേക്കും സംഘർഷം പടരുകയാണ്. തെക്കൻ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ സൈന്യത്തിന്‍റെ പരിശോധനയ്ക്കിടെ കത്തിവീശിയ രണ്ടു പലസ്തീനികളെ ഇസ്രേലി സൈനികർ വെടിവച്ചുകൊന്നു. 18, 19 വയസ് പ്രായമുള്ളവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരുമാണു കൊല്ലപ്പെട്ടത്.

Trending

No stories found.

Latest News

No stories found.