ദേർ അൽബല: ഗാസ മുനമ്പിൽ ശനിയാഴ്ച രാത്രി മുതൽ ഇസ്രയേൽ നടത്തിയ തുടർച്ചയായ ആക്രമണങ്ങളിൽ വൻ ആൾനാശം. 87 പേർ മരിക്കുകയോ കാണാതാകുകയോ ചെയ്തെന്ന് ഗാസ ആരോഗ്യ അധികൃതർ. ഹമാസ് വീണ്ടും സംഘടിക്കുന്നുവെന്ന വിവരത്തെത്തുടർന്നായിരുന്നു ശക്തമായ ആക്രമണം. ഹമാസിനെ നിർവീര്യമാക്കാൻ നടത്തിയ ആക്രമണമാണിതെന്നും മരണ സംഖ്യ പെരുപ്പിച്ചുകാണിക്കുകയാണെന്നും ഇസ്രയേൽ. അതേസമയം ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്നു യുഎൻ പ്രതികരിച്ചു. ഗാസയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്നും ഐക്യരാഷ്‌ട്ര സഭ.
ഇന്ന് ലെബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കി. തെക്കൻ ബെയ്റൂട്ടിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ മിസൈലാക്രമണമുണ്ടായി. ഹരെത്ത് ഹ്രൂക്ക്, ഹദാത്ത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞപോകാൻ ഇന്ന് രാവിലെ ഇസ്രേലി സേന നിർദേശിച്ചിരുന്നു.
അതിനിടെ, ഇറാനെ ആക്രമിക്കാനുളള ഇസ്രേലി പദ്ധതിയെക്കുറിച്ചുള്ള വിവരം ചോർന്നതിനെക്കുറിച്ച് യുഎസ് അന്വേഷണം തുടങ്ങി. ഈ മാസം ഒന്നിന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനു തിരിച്ചടി നൽകാനായിരുന്നു ഇസ്രേലി തീരുമാനം. ഇതുപ്രകാരം സേന ഇറാൻ അതിർത്തിയിലേക്ക് പ്രതിരോധ സംവിധാനങ്ങൾ നീക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണു ചോർന്നത്.