ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ

ഇറാൻ അതിന്‍റെ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി
kharasi
കമാൽ ഖരാസി
Updated on

നിലനിൽപിനു വേണ്ടിയുള്ള യുദ്ധത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ആയ ഇറാൻ അതിന്‍റെ ആണവ സിദ്ധാന്തം പൊളിച്ചെഴുതുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഉപദേഷ്ടാവ് കമാൽ ഖരാസി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റർ അൽ-മായാദീനോടാണ് ഇസ്രയേലിനെതിരെ ആണവായുധ പ്രയോഗം നടത്തുന്നത് ആലോചനയിലാണെന്ന വിവരം ഖരാസി വെളിപ്പെടുത്തിയത്. പരമോന്നത നേതാവിന്‍റെ ഫത്വയുള്ളതിനാലാണ് തങ്ങൾ ഇതു വരെ ആണവായുധപ്രയോഗം നടത്താത്തതെന്നും ഇറാൻ അതിജീവനത്തിന് ഗുരുതര ഭീഷണി നേരിടുകയാണെങ്കിൽ തങ്ങൾ ഈ ഫത്വ പുനർവിചിന്തനം ചെയ്യുമെന്നുമാണ് ഖരാസി ടെഹ്റാൻ ടൈംസിനോട് വിശദമാക്കിയത്.

2000ത്തിന്‍റെ തുടക്കത്തിലാണ് ഒരു ഫത്വയിലൂടെ ആണവായുധങ്ങൾ വികസിപ്പിക്കുന്നത് ആയത്തുള്ള അലി ഖമീനി നിരോധിച്ചത്.2019ൽ അമെരിക്കയുടെ നിർബന്ധത്തിനു വഴങ്ങി ഖമീനി അതു വീണ്ടും പുതുക്കി.അണു ബോംബുകൾ നിർമിക്കുന്നതും സംഭരിക്കുന്നതും തെറ്റാണെന്നും അത് ഉപയോഗിക്കുന്നത് ഹറാമാണെന്നുമാണ് അന്ന് ഖമീനി പറഞ്ഞത്.എന്നാൽ പിന്നീടിങ്ങോട്ട് രാജ്യത്തിന്‍റെ ആണവ സിദ്ധാന്തം ഉയർത്തിക്കാട്ടുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആവർത്തിച്ചു ഭീഷണിപ്പെടുത്തുന്നതാണ് ലോകം കണ്ടത്. കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലിന്‍റെ തിരിച്ചടിക്ക് ഇറാൻ ഉചിതമായ സമയത്തും രീതിയിലും പ്രതികരിക്കും എന്ന് ഖരാസി ആവർത്തിച്ചത്.ടെഹ്റാൻ അതിന്‍റെ ബാലിസ്റ്റിക് മിസൈലുകളുടെ പരിധി വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഖരാസി ദി ടെലിഗ്രാഫിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതിനിടെ ഇറാന്‍റെ പ്രത്യാക്രമണത്തെ തടയിടാൻ അതീവ സുരക്ഷാ കേന്ദ്രത്തിൽ ഇസ്രയേൽ സുരക്ഷാ നടപടികൾ ഉയർത്തിയതായി കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ഏത് സുരക്ഷാ കേന്ദ്രത്തിലാണ് ഇസ്രയേൽ സുരക്ഷാ നടപടികൾ ഉയർത്തിയതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. നവംബർ അഞ്ചിനു നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വെളിച്ചത്തിൽ ഇറാന്‍റെ ആക്രമണത്തിന്‍റെ സാധ്യതകളെ കുറിച്ചുള്ള ഇസ്രയേലിന്‍റെ വിലയിരുത്തൽ തുടരുകയാണെന്നും ആ റിപ്പോർട്ട് പറയുന്നു. ഇറാൻ നേരിട്ടോ ഇറാഖിലെയും യെമനിലെയും അച്ചുതണ്ടുകൾ മുഖേനയോ ആയിരിക്കാം പ്രതികരണമെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

ഇസ്രയേലിനെതിരെ ശക്തമായ പ്രതികാര നടപടികൾക്ക് ഖമീനി സൈനിക നേതൃത്വത്തിന് ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.നവംബർ അഞ്ചു വരെ ഇറാൻ ഇസ്രയേലിനെ ആക്രമിക്കില്ലെന്നാണ് അമെരിക്കയും കരുതുന്നത്.എന്നാൽ അമെരിക്ക പോളിങ് ബൂത്തുകളിലേയ്ക്ക് ഒഴുകുന്ന ദിവസം, എല്ലാ കണ്ണുകളും അമെരിക്കൻ ഇലക്ഷനിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസം ഇസ്രയേലിനെതിരെ ശക്തമായ ഒരു ആണവായുധ പ്രയോഗം ഇറാൻ നടത്തുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.കാരണം ഇനിയൊരു ആണവായുധ പ്രയോഗം ഉണ്ടായാൽ ലോകം മൂന്നാം ലോകമഹായുദ്ധത്തിലേയ്ക്ക് കാലെടുത്തു വയ്ക്കാൻ നിർബന്ധിതരാകും.

Trending

No stories found.

Latest News

No stories found.