130 വർഷങ്ങൾക്ക് ശേഷം ആദ്യമായി മഞ്ഞുവീഴ്ചയില്ലാതെ ജപ്പാനിലെ ഫുജി പർവതം. ലോകപ്രശസ്തമായ മൗണ്ട് ഫ്യുജി ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ്. സാധാരണഗതിയില്‍ ഒക്ടോബറാവുമ്പോഴേക്കും കൊടുമുടി മഞ്ഞ് മൂടിയിരിക്കും. എന്നാല്‍ ഇത്തവണ ഒക്ടോബര്‍ 30 കഴിഞ്ഞിട്ടും ഇതുവരെ മഞ്ഞുവീഴ്ചയുടെ ലക്ഷണം പോലുമില്ലെന്നത് ജപ്പാനെ ആശങ്കയിലാഴ്ത്തുന്നു.
ഈവര്‍ഷത്തേത് ജപ്പാനിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമെന്ന റെക്കോര്‍ഡിന് പിന്നാലെയാണ് ഈ കാലതാമസം. ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ ശരാശരിയേക്കാള്‍ 1.76 ഡിഗ്രി സെൽഷ്യസ് അധികമായിരുന്നു രാജ്യത്തെ താപനില. ഇത് കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമാണെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് മൗണ്ട് ഫ്യുജിയിൽ മഞ്ഞ് വീഴ്ച കൂടി ഇല്ലാതായതോടെ ഗുരുതരമായ പരിസ്ഥിതി പ്രശ്നമാണ് രാജ്യം നേരിടുന്നതെന്ന് പരിസ്ഥിതി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.