വാഷിങ്ടൺ: വീണ്ടും വിദ്യാർഥികളുടെ കടം റദ്ദാക്കി അമെരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. വായ്പയെടുത്ത 35,000 വിദ്യാർഥികൾക്ക് ഇത് ആശ്വാസമാകും. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 1.2 ബില്യൺ ഡോളർ വരുന്ന വിദ്യാഭ്യാസ വായ്പകൾ ബൈഡൻ എഴുതി തള്ളിയത്. ഇതോടെ അദ്ദേഹത്തിന്‍റെ കടാശ്വാസമുന്നേറ്റത്തിൽ നിന്ന് പ്രയോജനം നേടുന്ന മൊത്തം ആളുകളുടെ എണ്ണം 4.76 ദശലക്ഷമായി ഉയർന്നു.
ഇതിനെതിരെ ശക്തമായ എതിർപ്പാണ് റിപ്പബ്ലിക്കൻ പാർട്ടി ഉയർത്തുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്‍റിന്‍റെ വിദ്യാർഥി വായ്പാ മാപ്പ് സമീപനം അധികാര പരിധി കടക്കുന്നു എന്നും കോളെജ് വിദ്യാഭ്യാസമുള്ള വായ്പക്കാർക്ക് ഇത് അന്യായ നേട്ടമാണെന്നും അവർ കുറ്റപ്പെടുത്തി. കോളെജ് വിദ്യാഭ്യാസമില്ലാത്തവർക്കാകട്ടെ ഈ ആശ്വാസം കിട്ടിയുമില്ല, റിപ്പബ്ലിക്കൻമാർ ബൈഡനെ കുറ്റപ്പെടുത്തുന്നു. പദ്ധതിക്ക് കീഴിലുള്ള ഓരോ ഗുണഭോക്താക്കൾക്കും കടം റദ്ദാക്കൽ ഇനത്തിൽ 35,000 ഡോളർ ലഭിക്കും എന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറയുന്നു.
നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി യുവാക്കൾക്കിടയിൽ കുറഞ്ഞു വരുന്ന പിന്തുണ വർധിപ്പിക്കാൻ ശ്രമിക്കുന്ന ബൈഡൻ വിദ്യാർഥി വായ്പാ കടം റദ്ദാക്കാനുള്ള 430 ബില്യൺ ഡോളറിന്‍റെ വിശാല പദ്ധതിയുമായി എത്തിയപ്പോൾ അമെരിക്കൻ സുപ്രീം കോടതി അതു തടഞ്ഞിരുന്നു. അന്ന് ഈ പദ്ധതി നടപ്പിലാക്കാൻ താൻ മറ്റു വഴികൾ തേടുമെന്ന് ബൈഡൻ അമെരിക്കയിലെ യുവജനതയ്ക്ക് വാക്കു നൽകിയിരുന്നു. വിദ്യാർഥികളുടെ കടാശ്വാസം പരിഹരിക്കുന്നതിനുള്ള മറ്റ് വഴികൾ കണ്ടെത്തുമെന്ന് കഴിഞ്ഞ വർഷം പ്രതിജ്ഞയെടുത്ത ബൈഡൻ ഇക്കഴിഞ്ഞ മെയിൽ 160,000 വായ്പക്കാർക്ക് 7.7 ബില്യൺ ഡോളർ വിദ്യാർത്ഥി കടം റദ്ദാക്കി നൽകിയിരുന്നു.