ഇടതു നേതാവ് ചരിത്രത്തിൽ ആദ്യമായി ശ്രീലങ്കൻ പ്രസിഡന്‍റ്

അനുര കുമാര ദിസനായകെയുടെ വിജയം രണ്ടാം വട്ടം വോട്ടെണ്ണലിൽ
അനുര കുമാര ദിസനായകെ Anura Kumara Dissanayake
അനുര കുമാര ദിസനായകെ
Updated on

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഇടതു നേതാവ് അനുര കുമാര ദിസനായകെയ്ക്ക് വിജയം. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിലെ പ്രധാന കക്ഷിയായ മാർക്സിസ്റ്റ് ജനതാ വിമുക്തി പെരമുന (ജെവിപി)യുടെ നേതാവാണ് അമ്പത്താറുകാരൻ ദിസനായകെ. ദ്വീപ് രാഷ്‌ട്രത്തിന്‍റെ ഒമ്പതാം പ്രസിഡന്‍റായി അദ്ദേഹം അധികാരമേൽക്കും.

ഇപ്പോഴത്തെ പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ എന്നിവരെ മറികടന്നാണു ദിസനായകെയുടെ വിജയം. ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി രണ്ടാംവട്ടം വോട്ടെണ്ണൽ വേണ്ടിവന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആദ്യഘട്ടം വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രണ്ടാംവട്ടം വോട്ടെണ്ണൽ. ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവർക്കു ലഭിച്ച രണ്ടാം വോട്ടുകളും മൂന്നാം വോട്ടുകളുമാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്. മൂന്നു മുതൽ താഴേക്കുള്ള സ്ഥാനങ്ങളിലുള്ളവരെ ഈ ഘട്ടത്തിൽ പരിഗണിച്ചില്ല.

ഇന്നലെ ആദ്യവട്ടം വോട്ടെണ്ണലിൽ ദിസനായകെയ്ക്ക് 42.31 ഉം പ്രേമദാസയ്ക്ക് 32.76 ഉം ശതമാനം വോട്ടുകളാണു ലഭിച്ചത്. വിക്രമസിംഗെ 17 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ മകനും എംപിയുമായ നമൽ രജപക്സെയ്ക്ക് 2.5 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്. സദ്ഭരണം കാഴ്ചവയ്ക്കുമെന്നും അഴിമതിവിരുദ്ധ നടപടികൾ സ്വീകരിക്കുമെന്നും വിജയമുറപ്പിച്ച ദിസനായകെ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭത്തിൽ മുൻ പ്രസിഡന്‍റ് ഗോതാബയ രജപക്സെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട 2022നുശേഷം ശ്രീലങ്കയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും നിർമാണ, കാർഷിക, ഐടി മേഖലകളിൽ വികസനം കൊണ്ടുവരുമെന്നും ദിസനായകെ. ഐഎംഎഫുമായുള്ള ചർച്ചകൾ തടസമൊഴിവാക്കി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം. ശനിയാഴ്ചയായിരുന്നു വോട്ടെടുപ്പ്. ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ തെരഞ്ഞെടുപ്പിനാണ് ശ്രീലങ്ക സാക്ഷ്യം വഹിച്ചത്.

2022ലെ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന പാർട്ടിയാണു ജെവിപി. ഇതിനുശേഷമാണ് ജെവിപി ഉൾപ്പെട്ട സഖ്യം എൻപിപി രാജ്യത്ത് ജനകീയാടിത്തറ രൂപപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.