മാലെ: മാലദ്വീപിലെ ചൈനീസ് അനുകൂലിയായ പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവിനെ പുറത്താക്കാൻ പ്രതിപക്ഷം പാർലമെന്‍റിൽ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരാൻ ശ്രമം തുടങ്ങി. പ്രധാന പ്രതിപക്ഷ കക്ഷിയായ മാൽദിവിയൻ ഡെമോക്രാറ്റിക് പാർട്ടി ഇതിനായി ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു. പാർലമെന്‍റിൽ ഇവർക്കാണ് ഭൂരിപക്ഷം.
മുയ്സുവിന്‍റെ ചൈനീസ് അനുകൂല നിലപാടാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നത്. ചാര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തീരത്ത് അടുക്കാൻ കഴിഞ്ഞ ദിവസം അനുമതി നൽകിയത് സ്ഥിതി കൂടുതൽ വഷളാക്കുകയായിരുന്നു.
ഇതിനിടെ, ഞായറാഴ്ച പാർലമെന്‍റിൽ ഭരണ - പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു എംപിക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്‍റിനെ പുറത്താക്കുന്നതിനുള്ള ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ടുവരാൻ പ്രധാന പ്രതിപക്ഷ പാർട്ടി തീരുമാനമെടുത്തത്.
ഇന്ത്യാ വിരുദ്ധ നിലപാടുകൾ മുൻനിർത്തിയാണ് മുയ്സു മാലദ്വീപിൽ അധികാരത്തിലേറിയതു തന്നെ. പിന്നാലെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അവഹേളനപരമായ പരാമർശം വിവാദമാകുകയും ചെയ്തിരുന്നു. ഇതിനിടെ, ദ്വീപിൽ നിന്ന് ഇന്ത്യൻ സൈനിക സാന്നിധ്യം പൂർണമായി പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കി.
പരമ്പരാഗതമായി ഇന്ത്യയെ സുഹൃദ് രാഷ്‌ട്രമായി കണക്കാക്കുന്ന മാലദ്വീപിൽ പെട്ടെന്നുണ്ടായ ഈ നയം മാറ്റം പ്രതിപക്ഷത്തിനു ഹിതകരമായിരുന്നില്ല. രാജ്യത്തിന്‍റെ ദീർഘകാല വികസനത്തിന് ഇതു ഗുണകരമായിരിക്കില്ലെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.