ലഹരിമരുന്ന് കടത്തും സ്വർണ കടത്തും സ്ഥിരം കഥകളാണ് ഇപ്പോൾ. നിയമങ്ങൾ എത്ര ശക്തമാണെന്ന് പറഞ്ഞാലും കടത്തുകാർ പുത്തന്‍ രൂപങ്ങളും ഭാവങ്ങളും നൽകി പുതുപുത്തന്‍ രീതികളിൽ ഈ സാഹസികത തുടരും. അത്തരത്തിൽ മനുഷ്യക്കടത്തിനും മൃഗക്കടത്തിനും നമുക്ക് സുപരിചിതമാണ്. എന്നാൽ സ്വന്തം അടിവസ്ത്രത്തിൽ നൂറു കണക്കിന് വിഷപ്പാമ്പുകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കഥ ചിലപ്പോ നിങ്ങൾക്ക് പുത്തനായിരിക്കും.
സംഭവം ഇവിടെങ്ങുമല്ല. അങ്ങ് ഹോങ്കോങ്ങിലാണ്. ഷെൻഷെൻ നഗരത്തിൽ നിന്നും ചൈനയിലേക്ക് വിഷപ്പാമ്പുകളടക്കം നൂറു കണക്കിന് പാമ്പുകളെ സ്വന്തം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളാണ് അറസ്റ്റിലായത്. ഇയാളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. അർദ്ധ സ്വയംഭരണാധികാരമുള്ള ഹോങ്കോങ്ങിനും ചൈനയിലെ ഷെൻഷെൻ നഗരത്തിനും ഇടയിലുള്ള ക്രോസിംഗിലെ 'നത്തിംഗ് ടു ഡിക്ലയർ' എന്ന ഗേറ്റിലൂടെ കടന്നുപോയ ഇയാളെ സംശയം തോന്നി, തടഞ്ഞു നിർത്തി പരീശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥർ അടക്കം കണ്ണു തള്ളി പോയത്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 6 പ്ലാസ്റ്റിക് ബാഗുകളിലായി 104 പാമ്പുകളെയാണ് കണ്ടെത്തിയത്. 'ഓരോ ബാഗിലും എല്ലാത്തരം ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള ജീവനുള്ള പാമ്പുകളെ കണ്ടെത്തി.' എന്നാണ് ചൈനീസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. ഇവർ തന്നെ പുറത്തുവിട്ട വീഡിയോയിൽ ചുവപ്പ്, പിങ്ക്, വെള്ള നിറങ്ങളുള്ള നിരവധി പാമ്പുകളുള്ള പ്ലാസ്റ്റിക് ബാഗുകള്‍ കാണാം. പാമ്പുകളെല്ലാം തന്നെ താരതമ്യേന ചെറുതാണെങ്കിലും എങ്ങനെയാണ് ഇത്രയേറെ പാമ്പുകളെ ഇയാള്‍ അടിവസ്ത്രത്തില്‍ വിദഗ്ദമായി ഒളിപ്പിച്ചതെന്ന് വ്യക്തമല്ല. മുന്‍പ് 2023ലും സമാന സാഹചര്യത്തിൽ ഇതേ അതിര്‍ത്തിയില്‍ ഒരു സ്ത്രീ തന്‍റെ ബ്രായ്ക്കുള്ളിൽ 5 പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് പിടിയിലായിരുന്നു