ഇസ്‌ലാമാബാദ്: നാലു വർഷം യുകെയിൽ സ്വയംപ്രഖ്യാപിത പ്രവാസത്തിനുശേഷം പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടിൽ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വിമാനത്തിലാണ് എഴുപത്തിമൂന്നുകാരൻ ഇസ്‌ലാമാബാദ് വിമാനത്താവളത്തിലെത്തിയത്. ജനുവരിയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു ഷെരീഫിന്‍റെ മടക്കം. ഇത്തവണ അധികാരത്തിൽ തിരികെയെത്താമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് - നവാസ് (പിഎംഎൽ-എൻ).
വിമാനമിറങ്ങിയ ഉടൻ ഷെരീഫ് തന്‍റെ അഭിഭാഷക സംഘവുമായി ചർച്ച നടത്തി. തുടർന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ജാമ്യത്തിനുള്ള രേഖകൾ സമർപ്പിച്ചു. കഴിഞ്ഞ 19ന് കോടതി ഇതിന് അനുമതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹം റാലിയിൽ പങ്കെടുക്കാൻ ലാഹോറിലേക്കു പോയി.
മടങ്ങിയെത്തിയ ഷെരീഫിനെ സ്വീകരിക്കാൻ നൂറുകണക്കിന് അണികൾ വിമാനത്താവളത്തിനു സമീപമെത്തിയിരുന്നു.
യുകെയിൽ നിന്നു രണ്ടു ദിവസം മുൻപ് ദുബായിയിലെത്തിയിരുന്നു ഷെരീഫ്.
മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്. അഴിമതിക്കേസിൽ ഏഴു വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ലഹോർ ജയിലിൽ കഴിയുന്നതിനിടെയാണു ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയത്.