ജറൂസലം: പതിമൂന്നു മാസം പിന്നിട്ടു യുദ്ധം തുടരുന്ന ഗാസയിൽ സൈനികർക്കൊപ്പം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സൈന്യത്തിന്‍റെ പ്രവർത്തനവും അവർ നേരിടുന്ന വെല്ലുവിളികളും നേരിട്ടറിയാനായിരുന്നു അതീവ രഹസ്യമായി നടത്തിയ സന്ദർശനം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ഗാസയിലെ കടൽത്തീരത്ത് നെതന്യാഹു നിൽക്കുന്ന ദൃശ്യം ഇസ്രേലി സേന പുറത്തുവിട്ടപ്പോഴാണ് ലോകം ഇക്കാര്യം അറിഞ്ഞത്.
ഗാസ ഇനിയൊരിക്കലും ഹമാസ് ഭരിക്കില്ലെന്നു നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിന്‍റെ സൈനിക ശേഷി പൂർണമായി ഇല്ലാതാക്കി. ഹമാസിന്‍റെ തടവിലുള്ള 101 ബന്ദികളെയും മോചിപ്പിക്കാൻ ശ്രമം തുടരും. മോചിപ്പിക്കപ്പെടുന്ന ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ വീതം സഹായം നൽകും. ബന്ദികളെ ഉപദ്രവിക്കുന്നവരുടെ തലയിൽ ഞങ്ങൾ ചോരയൊഴുക്കും. ഹമാസിന്‍റെ തടവിലുള്ള ഇസ്രേലികളെ മോചിപ്പിക്കാൻ സഹായിക്കുന്നവർക്ക് പലസ്തീൻ പ്രദേശത്തു നിന്ന് രക്ഷപെടാൻ അവസരമൊരുക്കും. ഏതു മാർഗം തെരഞ്ഞെടുക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം ഗാസയിലുള്ളവരോടു പറഞ്ഞു. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കുമൊപ്പമായിരുന്നു നെതന്യാഹുവിന്‍റെ സന്ദർശനം.