യുദ്ധ കലുഷിതമായ ലോകത്ത് സമാധാന നൊബേൽ ആണവ വിരുദ്ധ പോരാട്ടത്തിന്

ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ അണു ബോംബ് ആക്രമണത്തിൽനിന്നു രക്ഷപെട്ടവരുടെ സംഘടനയ്ക്ക് സമാധാന നൊബേൽ
Origami, the Japanese paper art form, which represents Nihon Hidankyo
ഒറിഗാമി എന്ന ജാപ്പനീസ് കടലാസ് കലാരൂപമാണ് നിഹോൺ ഹിഡാൻക്യോ എന്ന സംഘടനയെ പ്രതിനിധാനം ചെയ്യുന്നത്.
Updated on

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നിഹോൺ ഹിഡാൻക്യോ എന്ന ജപ്പാൻ സംഘടനയ്ക്ക് ലഭിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ അണു ബോംബ് ആക്രമണത്തിൽനിന്നു രക്ഷപെട്ടവരുടെ സംഘടനയാണിത്. ആണവായുധങ്ങൾക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം.

യുക്രെയ്നിലും സുഡാനിലും മധ്യേഷ്യയിലും അടക്കം യുദ്ധകലുഷിതമായ സമകാലിക ലോകക്രമം കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു വിഭാഗത്തിൽ പുരസ്കാരം നൽകാൻ നൊബേൽ സമിതി തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവായുധം പ്രയോഗിക്കുന്നതിനെതിരായ പൊതുവികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മർദം നേരിടുന്നുണ്ടെന്ന് നോർവീജിയൻ നൊബേൽ സമിതി അധ്യക്ഷൻ യർഗൻ വാറ്റ്നി ഫ്രൈഡ്നിസ് അഭിപ്രായപ്പെടുകയും ചെയ്തു.

''ആണവാക്രമണത്തെ അതിജീവിച്ചവർ കൊടിയ വേദനകളും വേദനിപ്പിക്കുന്ന ഓർമകളും അവഗണിച്ചാണ് സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അവരെ ആദരിക്കാനാണ് നൊബേൽ സമിതി ആഗ്രഹിക്കുന്നത്'', ഫ്രൈഡ്നിസ് വ്യക്തമാക്കി.

1995, 2017 വർഷങ്ങളിലും ആണവായുധങ്ങൾക്കെതിരായ പ്രവർത്തനങ്ങൾക്ക് സമാധാന നൊബേൽ ലഭിച്ചിട്ടുണ്ട്. ലോക സമാധാനം താറുമാറായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ വർഷം സമാധാന നൊബേൽ ആർക്കും നൽകേണ്ടെന്ന് സമിതി തീരുമാനിക്കുമെന്നു നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

പത്ത് ലക്ഷം യുഎസ് ഡോളറാണ് ഓരോ നൊബേൽ പുരസ്കാരത്തിനും ലഭിക്കുന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ പ്രഖ്യാപിക്കുന്ന മറ്റു നൊബേൽ പുരസ്കാരങ്ങളിൽനിന്ന് വ്യത്യസ്തമായി സമാധാന നൊബേൽ നോർവേയിലെ ഓസ്ലേയിലാണ് പ്രഖ്യാപിക്കുന്നത്.

തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന സാമ്പത്തിക നൊബേലോടെ ഇത്തവണത്തെ നൊബേൽ പുരസ്കാര സീസൺ അവസാനിക്കും. ഫിസിയോളജി ആൻഡ് മെഡിസിൻ (വൈദ്യശാസ്ത്രം), ഫിസിക്സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം എന്നിവയാണ് ആൽഫ്രഡ് നൊബേൽ തന്‍റെ വിൽപത്രത്തിൽ പരാമർശിച്ചിരിക്കുന്ന പുരസ്കാരങ്ങൾ. അദ്ദേഹത്തിന്‍റെ സ്മരണയിൽ നൽകുന്ന പുരസ്കാരമാണ് സാമ്പത്തിക നൊബേൽ.

Trending

No stories found.

Latest News

No stories found.