'പ്രോട്ടീന്‍ ഘടന പ്രവചിക്കാന്‍ എഐ'; ഈ വർഷത്തെ രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്

പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം.
nobel prize in chemistry 2024 goes to 3 scientists
ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സബിസ്, ജോൺ ജംപർ
Updated on

സ്റ്റോക്ക്ഹോം: രസതന്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം പ്രോട്ടീനുകളുമായി ബന്ധപ്പെട്ട് സുപ്രധാന പഠനം നടത്തിയ 3 ശാസ്ത്രജ്ഞർ പങ്കിട്ടു. ഡേവിഡ് ബേക്കർ, ഡെമിസ് ഹസ്സബിസ്, ജോൺ ജംപർ എന്നിവർക്കാണു പുരസ്കാരം. പ്രോട്ടീനുകളുടെ ഘടനാ പ്രവചനവും രൂപകൽപ്പനയുമാണ് ഇവരെ സമ്മാനാർഹരാക്കിയത്.

അമിനോ ആസിഡ് ശ്രേണിയും പ്രോട്ടീൻ ഘടനയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ഇവരുടെ ഗവേഷണമാണു പരിഗണിച്ചതെന്നു രസതന്ത്ര നൊബേൽ പുരസ്കാര സമിതി അധ്യക്ഷൻ ഹെയ്നെർ ലിങ്കെ പറഞ്ഞു. രസതന്ത്രത്തിൽ, പ്രത്യേകിച്ച് ജൈവരസതന്ത്രത്തിൽ ഏറെക്കാലമായി വലിയ വെല്ലുവിളിയെന്നു കരുതിയ രഹസ്യത്തിന്‍റെ ചുരുളാണ് ഇവർ അഴിച്ചതെന്നും അദ്ദേഹം. സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയിൽ പ്രവർത്തിക്കുകയാണ് ബേക്കർ. ഹസ്സബിസും ജംപറും ലണ്ടനിൽ ഗൂഗ്‌ൾ ഡീപ്മൈൻഡിൽ പ്രവർത്തിക്കുന്നു.

കംപ്യൂട്ടറുകളുടെ സഹായത്തോടെ പ്രോട്ടീൻ ഡിസൈൻ ചെയ്‌തതിന് (കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ ) പുരസ്കാരത്തിന്‍റെ പകുതി തുക ഡേവിഡ് ബേക്കർക്കു ലഭിക്കും. എഐയുടെ സഹായത്തോടെ പ്രോട്ടീന്‍റെ ഘടന പ്രവചിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ച ഹസ്സാബിസും ജംപറും ബാക്കി തുക പങ്കിടും. ക്വാണ്ടം ഡോട്ടുകൾ കണ്ടെത്തിയതിനു കഴിഞ്ഞ വർഷവും രസതന്ത്ര നൊബേൽ മൂന്നു പേർ പങ്കിടുകയായിരുന്നു.

മെഷീൻ ലേണിങ്ങിൽ നൽകിയ സംഭാവനയ്ക്ക് ജോൺ ജെ. ഹോപ്പ്‌ഫീൽഡ്, ജെഫ്രി ഹിന്‍റൺ എന്നിവർക്ക് ഊർജതന്ത്ര നൊബേൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കിലൂടെ മെഷീൻ ലേണിങ് സാധ്യമാക്കിയതിനാണ് പുരസ്‌കാരം.

Trending

No stories found.

Latest News

No stories found.