'നിങ്ങൾ എന്‍റെ രാജാവല്ല'; ചാൾസിനോട് പൊട്ടിത്തെറിച്ച് ഓസ്ട്രേലിയൻ സെനറ്റ് അംഗം

ഓസ്ട്രേലിയയുടെ തദ്ദേശീയ വിഭാഗത്തിൽ നിന്നു ഭൂമിയും സമ്പത്തും തട്ടിയെടുത്ത ബ്രിട്ടിഷ് കോളനിവാഴ്ചക്കാർ അവരെ വംശഹത്യ ചെയ്തെന്നും ലിഡിയ തുറന്നടിച്ചു.
Not my king: Australian senator heckles King Charles at parliament
'നിങ്ങൾ എന്‍റെ രാജാവല്ല'; ചാൾസിനോട് പൊട്ടിത്തെറിച്ച് ഓസ്ട്രേലിയൻ സെനറ്റ് അംഗം
Updated on

കാൻബെറ: ഓസ്ട്രേലിയ സന്ദർശിക്കുന്ന ബ്രിട്ടിഷ് രാജാവ് ചാൾസിനോടു പൊട്ടിത്തെറിച്ച് സെനറ്റ് അംഗം ലിഡിയ തോർപ്പ്. ചാൾസിനും ഭാര്യ കാമില്ലയ്ക്കുമായി പാർലമെന്‍റിന്‍റെ വരവേൽപ്പ് നൽകുന്നതിനിടെണു സംഭവം. ഓസ്ട്രേലിയയുടെ തദ്ദേശീയ വിഭാഗത്തിൽ നിന്നു ഭൂമിയും സമ്പത്തും തട്ടിയെടുത്ത ബ്രിട്ടിഷ് കോളനിവാഴ്ചക്കാർ അവരെ വംശഹത്യ ചെയ്തെന്നും ലിഡിയ തുറന്നടിച്ചു. ഞങ്ങളിൽ നിന്നു കവർന്നെടുത്തതെല്ലാം തിരിച്ചു തരണം. ഞങ്ങളുടെ അസ്ഥികൾ, തലയോട്ടികൾ, കുഞ്ഞുങ്ങൾ, ജനത, എല്ലാം തിരികെത്തന്നേ തീരൂ. നിങ്ങൾ ഞങ്ങളുടെ നാട് നശിപ്പിച്ചു- ലിഡിയ പറഞ്ഞു.

ഇതോടെ, സുരക്ഷാ ജീവനക്കാർ ലിഡിയയെ പിടിച്ചുമാറ്റി ഹാളിനു പുറത്തേക്കു കൊണ്ടുപോയി. ഈ സമയം ഇതു നിങ്ങളുടെ നാടുമല്ല, നിങ്ങളെന്‍റെ രാജാവുമല്ലെന്ന് ലിഡിയ വിളിച്ചുപറഞ്ഞു.

വിക്റ്റോറിയയിൽ നിന്നുള്ള സ്വതന്ത്ര സെനറ്ററാണു ലിഡിയ. ബ്രിട്ടിഷ് കുടിയേറ്റക്കാർ നടത്തിയ കൂട്ടക്കൊലയുടെ ചരിത്രമുണ്ട് ഓസ്ട്രേലിയയ്ക്ക്. 100 വർഷത്തിലേറെയായി ബ്രിട്ടിഷ് കോളനിയായിരിക്കെ ആയിരക്കണക്കിന് ഓസ്ട്രേലിയൻ ആദിവാസി ജനത കൊല്ലപ്പെട്ടിരുന്നു. 1901ൽ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും റിപ്പബ്ലിക്കായിട്ടില്ല. ബ്രിട്ടിഷ് രാജാവാണ് ഇപ്പോഴും രാഷ്ട്രത്തലവൻ.

ലിഡിയ ഇതാദ്യമല്ല പൊതുവേദിയിൽ പ്രതിഷേധിക്കുന്നത്. 2022ൽ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുന്ന ഭാഗത്ത് മുഷ്ടി ചുരുട്ടി ഉയർത്തിക്കാട്ടിയത് വിവാദമായിരുന്നു.

Trending

No stories found.

Latest News

No stories found.