ലോകം ആണവയുദ്ധ ഭീതിയിൽ

തിരിച്ചടിക്കാൻ ആണവായുധം ഉപയോഗിക്കാമെന്നു റഷ്യയുടെ നയം മാറ്റം, റഷ്യയെ പ്രകോപിപ്പിച്ചത് ബൈഡന്‍റെ നിലപാട്, മുൻകരുതൽ നിർദേശവുമായി നാറ്റോ രാജ്യങ്ങൾ
ലോകം ആണവയുദ്ധ ഭീതിയിൽ | Nuclear war looms large
ലോകം ആണവയുദ്ധ ഭീതിയിൽFreepik
Updated on

മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യ നയം മാറ്റിയതോടെ ലോകം ആണവയുദ്ധഭീതിയിൽ. ആണവായുധ പ്രയോഗമുൾപ്പെടെ ആക്രമണങ്ങൾക്കു കരുതിയിരിക്കണമെന്നും ഭക്ഷ്യവസ്തുക്കൾ കരുതിവയ്ക്കണമെന്നും നാറ്റോ രാജ്യങ്ങൾ ജനങ്ങൾക്കു മുന്നറിയിപ്പു നൽകിത്തുടങ്ങി. സ്വീഡനും ഫിൻലൻഡും നോർവെയുമടക്കം രാജ്യങ്ങളാണു മുൻകരുതലെടുത്തു തുടങ്ങിയത്. മറ്റു രാജ്യങ്ങളും സമാന നടപടികൾക്കുള്ള തയാറെടുപ്പിലാണ്.

യുദ്ധം 1000 ദിവസം പിന്നിടുകയും ദീർഘദൂര മിസൈലുകളുടെ ഉപയോഗത്തിന് യുഎസിലെ ജോ ബൈഡൻ ഭരണകൂടം യുക്രെയ്‌ന് അനുമതി നൽകുകയും ചെയ്തതാണു ലോകരാജ്യങ്ങളെ, പ്രത്യേകിച്ച് യൂറോപ്പിനെ ആണവായുധ ഭീഷണിയിലാക്കിയത്. യുഎസിന്‍റെ പ്രകോപനത്തിനു പിന്നാലെ റഷ്യ ആണവ നയം മാറ്റുകയായിരുന്നു.

തങ്ങൾക്കെതിരേ പരമ്പരാഗത ആയുധങ്ങളുപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ ആണവശക്തികളുടെ പിന്തുണയോടെയാണെങ്കിൽ തിരിച്ച് ആണവായുധം പ്രയോഗിക്കുമെന്നാണു റഷ്യയുടെ പുതിയ നയം. ഡ്രോൺ ആക്രമണങ്ങളുൾപ്പെടെയുള്ളവയ്ക്കും ആണവായുധം കൊണ്ട് തിരിച്ചടി നൽകാൻ നിർദേശിക്കുന്ന നയത്തിന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അംഗീകാരം നൽകി.

യുഎസ് നിർമിതമായ ആറു ദീർഘ ദൂര മിസൈലുകൾ ഇന്നലെ റഷ്യയിലെ ബ്രയാൻസ്കിലേക്ക് യുക്രെയ്‌ൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തതോടെ യുദ്ധം കൂടുതൽ അപകടകരമാകുമെന്ന ഭീതി കനത്തു. മിസൈലുകൾ റഷ്യൻ സേന വെടിവച്ചിട്ടെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനിടെയാണു പൗരന്മാരോട് കരുതിയിരിക്കാൻ നിർദേശിച്ച് സ്വീഡനും ഫിൻലൻഡും നോർവെയും ലഘുലേഖകൾ വിതരണം ചെയ്തത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇത് അഞ്ചാം തവണയാണ് ആണവഭീഷണിക്കെതിരേ ജാഗ്രതാ നിർദേശം.

Trending

No stories found.

Latest News

No stories found.