പാരീസ്: സോഷ്യൽ മീഡിയയിലെ പോസ്റ്റുകളുടെ പേരിൽ ഒസാമ ബിൻ ലാദന്‍റെ പുത്രന് ഫ്രഞ്ച് ഭരണകൂടം വിലക്കേർപ്പെടുത്തി. കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവിന്‍റെറെ മകൻ ഒമർ ബിൻ ലാദനോട് രാജ്യം വിടാൻ ഫ്രഞ്ച് അധികൃതർ ഉത്തരവിട്ടതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി അറിയിച്ചു.
സൗദി അറേബ്യയിലും സുഡാനിലും അഫ്ഗാനിസ്ഥാനിലുമായി ജീവിതം നയിച്ച ഒമർ 19ാം വയസിൽ പിതാവിനെ ഉപേക്ഷിച്ച് വടക്കൻ ഫ്രാൻസിലെ നോർമാണ്ടിയിൽ സ്ഥിരതാമസമാക്കിയതാണ്. 2016 മുതൽ ഇവിടെ ചിത്രകാരനായി ജീവിച്ചു. ഇതിനിടെ ബ്രിട്ടീഷ് പൗരത്വമുള്ള ഒരാളുടെ പങ്കാളിയായി നോർമണ്ടിയിൽ താമസിച്ചിരുന്നതായി ഫ്രാൻസിന്‍റെ പുതിയ ആഭ്യന്തരമന്ത്രി ബ്രൂണോ റീട്ടെയ് ലോ എക്സിൽ പങ്കു വച്ച കുറിപ്പിൽപറഞ്ഞു.
2023 മുതൽ ഇയാൾ സോഷ്യൽ നെറ്റ് വർക്കുകളിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി ഫ്രഞ്ച് മന്ത്രി പറഞ്ഞു. അതിനാലാണ് ഓർണിലെ പ്രിഫെക്റ്റ് ഫ്രഞ്ച് പ്രദേശം വിട്ടുപോകാൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും വിശദീകരണം.
ദേശീയ സുരക്ഷ മുൻനിർത്തി എടുത്ത ഈ തീരുമാനത്തിന്‍റെ നിയമസാധുത കോടതികൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയൊരിക്കലും ഫ്രാൻസിലേക്ക് മടങ്ങി വരാനാകാത്ത വിധം അയാൾക്കെതിരെ വിലക്കു പ്രഖ്യാപിച്ച രേഖയിൽ താൻ ഒപ്പു വച്ചതായും ഫ്രഞ്ച് ആഭ്യന്തരമന്ത്രി റീട്ടെയ് ലോ പറഞ്ഞു.
ഒമർ മുമ്പും വിവാദപുരുഷൻ
ബ്രിട്ടീഷുകാരിയായ ജെയ്ൻ ഫെലിക്സ്-ബ്രൗണുമായുള്ള വിവാഹത്തിലൂടെ മുൻപും വിവാദനായകനായിട്ടുണ്ട് ഇയാൾ.
തന്നെക്കാൾ 20 വയസു മൂത്ത ജെയ്ൻ ഫെലിക്സിനെ ഇയാൾ വിവാഹം കഴിക്കുമ്പോൾ ഒമറിനു മുമ്പേ അഞ്ചു തവണ വിവാഹമോചനം നേടിയ ഒരു മുത്തശ്ശിയായിരുന്നു അവർ. അത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. വിവാഹ ശേഷം അവർ സൈന മുഹമ്മദ് എന്ന പേരു സ്വീകരിച്ച് മുസ്ലിമായി മാറിയിരുന്നു. ഒമർ അവരോടൊപ്പം ബ്രിട്ടനിൽ കഴിയാൻ ആഗ്രഹിച്ചെങ്കിലും ബ്രിട്ടൻ അനുവാദം നൽകിയിരുന്നില്ല.
സൗദിയിലെ ഒരു വലിയ സമ്പന്നനായ നിർമാണ വ്യവസായിയുടെ മകനായ ഒസാമ ബിൻ ലാദന് ഏകദേശം രണ്ട് ഡസൻ കുട്ടികളുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.