പേജർ സ്ഫോടനം: മലയാളിക്ക് നോർവെയുടെ വാറന്‍റ്

റിൻസണ് എതിരേ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും നോർവെ പൊലീസിന്‍റെ ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു
Rinson Jose പേജർ സ്ഫോടനം: മലയാളിക്ക് നോർവെയുടെ വാറന്‍റ്
റിൻസൺ ജോസ്
Updated on

ഓസ്‌ലോ: ഹിസ്ബുള്ളയ്ക്കു കനത്ത നാശമുണ്ടാക്കിയ പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളിയായ റിൻസൺ ജോസിനെതിരേ നോർവെ പൊലീസ് അന്താരാഷ്‌ട്ര വോറന്‍റ് പുറപ്പെടുവിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നോർവെ പൗരനാണ്. ഇദ്ദേഹത്തിനെതിരേ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്നും അന്വേഷണം തുടങ്ങിയെന്നും നോർവെ പൊലീസിന്‍റെ ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.

കഴിഞ്ഞമാസം 17നാണു ലെബനനിൽ പേജർ സ്ഫോടനമുണ്ടായത്. അന്നു തന്നെ റിൻസൺ മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്നു പറഞ്ഞ് യുഎസിലെ ബോസ്റ്റണിലേക്കു പോയിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്നാണ് നോർവെയിൽ റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍റെ വിശദീകരണം.

ഇതേത്തുടർന്നാണ് അന്താരാഷ്‌ട്ര വോറന്‍റ് പുറപ്പെടുവിച്ചത്. മാനന്തവാടി മേരി മാത കോളെജിൽ നിന്ന് എംബിഎ പൂർത്തിയാക്കിയ റിൻസൺ നോർവെയിൽ കെയർടേക്കർ ജോലിക്കായി പോയതാണെന്ന് നാട്ടിലുള്ള ബന്ധുക്കൾ പറയുന്നു. പിന്നീടാണ് കമ്പനി തുടങ്ങിയത്.

സ്ഫോടകവസ്തുവായ പിഇടിഎൻ നിറച്ച പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് റിൻസൺ 2022ൽ തുടങ്ങിയ ബൾഗേറിയൻ കമ്പനി "നോർട്ട ഗ്ലോബലാ'ണെന്നാണ് ആരോപണം. പേജർ പൊട്ടിത്തെറിച്ച് 30ലേറെ പേർ മരിക്കുകയും ആയിരത്തിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബഹുഭൂരിപക്ഷത്തിനും മുഖത്തും കണ്ണിലും കൈയിലുമാണു പരുക്ക്. പലരുടെയും കൈപ്പത്തികളറ്റു.

പേജർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരത്തിനിടെ വോക്കിടോക്കികൾ പൊട്ടിത്തെറിച്ചും ഹിസ്ബുള്ളയ്ക്ക് ആൾനാശമുണ്ടായിരുന്നു. ഇതിന്‍റെ നടുക്കം മാറും മുൻപാണ് ഇസ്രയേൽ സൈനികനടപടി ആരംഭിച്ചത്.

വയർലെസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പേജർ ഹിസ്ബുള്ള ഇപ്പോഴും ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്നു, Pager blast that rocked Hezbollah, explainer
ഉപകരണം പഴയത്, യുദ്ധതന്ത്രം പുതിയത്: ഹിസ്ബുള്ളയെ നടുക്കിയ പേജർ ബോംബ്

തായ്‌വാൻ കമ്പനി ഗോൾഡ് അപ്പോളോയുടെ ബ്രാൻഡ് നാമം ഉപയോഗിച്ച് ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലുള്ള ബിഎസി കൺസൾട്ടിങ് എന്ന സ്ഥാപനമാണ് പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത്. ഇവ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് നോർട്ട ഗ്ലോബലെന്നാണ് ആരോപണം.

എന്നാൽ, വിവാദം അന്വേഷിച്ച ബൾഗേറിയൻ ദേശീയ സുരക്ഷാ ഏജൻസി റിൻസൺ ജോസിനും നോർട്ട ഗ്ലോബലിനും ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഹിസ്ബുള്ളയ്ക്കു കൈമാറിയ പേജറുകൾ ബൾഗേറിയ വഴി യൂറോപ്യൻ യൂണിയനിലെത്തിയതായി കസ്റ്റംസ് രേഖകളില്ലെന്നും ബൾഗേറിയൻ അധികൃതർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.