ജെറുസലേം: ലെബനനിൽ പൊട്ടിത്തെറിച്ച വോക്കിടോക്കികളിലും ഉഗ്രശേഷിയുള്ള പിഇടിഎൻ ആണ് ഉപയോഗിച്ചതെന്ന് അന്താരാഷ്‌ട്ര വാർത്താ ഏജൻസി. ബാറ്ററിക്കുള്ളിലാണ് പെന്‍റാഎറിത്രിറ്റോൾ ടെട്രാ നൈട്രേറ്റ് അഥവാ പിഇടിഎൻ സ്ഥാപിച്ചത്.
പരിശോധനയിൽ ഇതു കണ്ടെത്തുക അതീവ ദുഷ്കരമെന്നു ലെബനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിച്ച പേജറുകളിൽ മൂന്നു ഗ്രാം വീതം പിഇടിഎൻ ആണ് ഉപയോഗിച്ചതെന്നു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പേജർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങിനിടെയാണു വോക്കിടോക്കി പൊട്ടിത്തെറിച്ചത്. ജാപ്പനീസ് കമ്പനി ഐസിഒഎമ്മിന്‍റെ പേരിലുള്ളതാണു വോക്കിടോക്കി. എന്നാൽ ഇവയുടെ ബാറ്ററി പായ്ക്കിൽ എപ്പോഴാണ് പിഇടിഎൻ ഒളിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ബെയ്റൂട്ടിൽ നിന്നുള്ള വിമാനങ്ങളിൽ യാത്രക്കാർ പേജറും വോക്കിടോക്കികളും കൊണ്ടുപോകുന്നത് ലെബനൻ ഭരണകൂടം നിരോധിച്ചു.
വിമാനത്തിൽ ഇവ അയയ്ക്കുന്നതിനും നിരോധനമുണ്ട്. പേജറുകളും വോക്കിടോക്കികളും പൊട്ടിത്തെറിച്ച് 37 പേർ മരിക്കുകയും 3000ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തത് ഹിസ്ബുള്ളയെ നടുക്കിയിരുന്നു. സ്ഫോടനങ്ങൾക്കു പിന്നാലെ രാജ്യത്തെ പേജറുകളടക്കം ടെലികോം ഉപകരണങ്ങൾ സൈന്യം ഏറ്റെടുത്ത് നശിപ്പിച്ചു. ഇതോടെ, ലെബനനിൽ കമ്യൂണിക്കേഷൻ സംവിധാനങ്ങളാകെ തകരാറിലാണ്.