പീഡനങ്ങൾ മൂടിവയ്ക്കരുത്: മാർപാപ്പ

ബെൽജിയം പ്രധാനമന്ത്രിയും രാജാവും മാർപാപ്പയെ വേദിയിലിരുത്തി രൂക്ഷ വിമർശനം നടത്തിയിരുന്നു
Pope Francis
ഫ്രാൻസിസ് മാർപാപ്പ
Updated on

ബ്രസൽസ്: പുരോഹിതരിൽ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങൾ പുറത്തുകൊണ്ടുവരുകയും നിയമനടപടികളിലേക്കെത്തിക്കുകയും ചെയ്യണമെന്നു ഫ്രാൻസിസ് മാർപാപ്പ. ബിഷപ്പുമാർ ഇക്കാര്യങ്ങൾ മൂടിവയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെൽജിയം സ്പോർട്സ് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ മുപ്പതിനായിരത്തിലേറെ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നു ദിവസത്തെ ബെൽജിയം സന്ദർശനത്തിനു പരിസമാപ്തി കുറിച്ചു നടന്ന സമ്മേളനത്തിലാണു സഭയ്ക്കെതിരായ ലൈംഗികാരോപണങ്ങളിൽ മാർപാപ്പ മനസുതുറന്നത്.

വിശ്വാസികളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്ത പുരോഹിതരെ സഭ സംരക്ഷിച്ചതു സംബന്ധിച്ച്, പര്യടനത്തിന്‍റെ ആദ്യ ദിനത്തിൽ, ബെൽജിയം പ്രധാനമന്ത്രി അലക്സാണ്ടർ ഡിക്രുവും ഫിലിപ്പ് രാജാവും മാർപാപ്പയെ വേദിയിലിരുത്തി രൂക്ഷ വിമർശനം നടത്തിയിരുന്നു. മാപ്പു പറഞ്ഞതുകൊണ്ടു കാര്യമില്ല, നടപടി വേണമെന്നായിരുന്നു ഇരുവരും തുറന്നടിച്ചത്. മാർപാപ്പയുടെ പര്യടനങ്ങളിൽ അത്യപൂർവമായിരുന്നു ഇത്തരമൊരു പരസ്യ വിമർശനം.

കഴിഞ്ഞ വർഷം ഒരു ഡോക്യുമെന്‍ററിയിലൂടെയാണു ബെൽജിയത്തിൽ പുരോഹിതർ നടത്തിയ പീഡനങ്ങൾ പുറംലോകമറിഞ്ഞത്. ഇക്കാര്യത്തിൽ സഭ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് നിരവധി നേതാക്കൾ മാർപാപ്പയുടെ പരിപാടികൾ ബഹിഷ്കരിച്ചു. അനന്തരവനെ 13 വർഷം ലൈംഗികമായി ദുരുപയോഗം ചെയ്ത ബിഷപ് റോജർ വാങ്ഹെലുവിനെതിരേ സഭ നടപടിയെടുത്തിരുന്നില്ല.

2010ൽ വാങ്ഹെലുവിന് വിരമിക്കാൻ അവസരം നൽകിയ സഭ മാർപാപ്പയുടെ പര്യടനം നടക്കുന്നതു കണക്കിലെടുത്ത് ഈ വർഷം ആദ്യമാണ് ഇയാളുടെ ബിഷപ് പദവി നീക്കിയത്. ബെൽജിയത്തിൽ സഭയ്ക്ക് വിശ്വാസ്യത നഷ്ടമായത് ഇത്തരം നടപടികൾ കൊണ്ടാണെന്നു പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.