ധാക്ക: ബംഗ്ലാദേശിൽ കലാപം കത്തിപ്പടരുന്നു. നാസർങ്ടി ജില്ലയിലെ ജയിലിലേക്ക് ഇരച്ചു കയറിയ പ്രതിഷേധകാരികൾ തടവുപുള്ളികളെ തുറന്നു വിട്ടതിനു ശേഷം ജയിലിനു തീയിട്ടു. നൂറു കണക്കിന് തടവുപുള്ളികളാണ് സ്വതന്ത്രരാക്കപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
സർക്കാർ ജോലിയിലെ ക്വോട്ട സിസ്റ്റം നവീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധമാണ് കലാപമായി മാറിയിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
നിലവിൽ 56 ശതമാനം സംവരണമാണ് ബംഗ്ലാദേശിൽ സർക്കാർ ജോലികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 30 ശതമാനം 1971 സ്വാതന്ത്ര്യ സമരസേനാനികളുടെ ബന്ധുക്കൾക്കാണ്. 10 ശതമാനം വീതം സംവരണം സ്ത്രീകൾക്കും പിന്നാക്ക ജില്ലകളിൽ നിന്നുള്ളവർക്കും 5 ശതമാനം ഗോത്രന്യൂന വർഗത്തിനും ഒരു ശതമാനം അംഗപരിമിതർക്കുമുള്ളതാണ്.