വ്ലാഡിവോസ്റ്റോക് (റഷ്യ): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ അടക്കം പുകഴ്‌ത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ഇന്ത്യ അതിലൂടെ സ്വന്തം രാജ്യത്ത് ഉത്പന്നങ്ങള്‍ നിർമിക്കുന്നതും ഉപയോഗിക്കുന്നതും വര്‍ധിപ്പിക്കുകയാണെന്നും, അതുപോലെ റഷ്യയില്‍ റഷ്യയ്‌ക്കകത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. മോദി എപ്പോഴും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നുവെന്നും പുടിന്‍ പ്രശംസിച്ചു.
റഷ്യയില്‍ നടക്കുന്ന ഈസ്റ്റ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിൻ. മോദിയില്‍ നിന്നും ഇന്ത്യയിൽ നിന്നും റഷ്യ പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ആഭ്യന്തര വ്യവസായങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ ഉപഭോഗം മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മോദി വര്‍ധിപ്പിക്കുകയാണ്. നമ്മളും ആഭ്യന്തര വ്യവസായങ്ങളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് നമ്മുടെ അടുത്ത പങ്കാളിയായ ഇന്ത്യയുടെ ഈ മേഖലയിലെ വിജയം പിന്തുടരാവുന്നതാണ് – പുടിന്‍ പറഞ്ഞു.
റഷ്യയില്‍ റഷ്യയ്‌ക്കുള്ളില്‍ നിർമിക്കുന്ന വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംവിധാനം കൊണ്ടുവരണമെന്നും ഇന്ത്യ മോദിയുടെ നേതൃത്വത്തില്‍ കീഴില്‍ ഇത്തരം നയത്തിന് തുടക്കം കുറിച്ചു കഴിഞ്ഞെന്നും പുടിന്‍ വ്യക്തമാക്കി.
""പണ്ട് റഷ്യയില്‍ രാജ്യത്തിനകത്ത് നിർമിച്ച കാറുകള്‍ ഇല്ലായിരുന്നു. പക്ഷെ ഇപ്പോഴുണ്ട്. ഈ കാറുകള്‍ മെഴ്സിഡസുമായും ഔഡിയുമായും താരതമ്യം ചെയ്യുമ്പോള്‍ തീരെ ലളിതമാണ്. പക്ഷെ ഇക്കാര്യത്തില്‍ നമ്മള്‍ പങ്കാളികളെ അനുകരിക്കണം. ഉദാഹരണത്തിന് ഇന്ത്യ. അവര്‍ ഇന്ത്യയില്‍ നിർമിച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നത്. മോദി ശരിയാണ്''- പുടിന്‍ പറഞ്ഞു.
ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലൂടെ യൂറോപ്പിലേക്കും തുടർന്നു റഷ്യയിലേക്കുമുള്ള സാമ്പത്തിക ഇടനാഴി റഷ്യയ്ക്കും ഗുണം ചെയ്യുമെന്നു പുടിൻ അഭിപ്രായപ്പെട്ടു.