മോസ്കോ: ദേശീയ താത്പര്യങ്ങൾക്ക് അനുസൃതമായി സ്വയം നയിക്കപ്പെടുന്നതാണ് ഇന്ത്യയുടെ ഭരണനേതൃത്വമെന്നു റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ അനുദിനം കരുത്താർജിക്കുകയാണെന്നു പറഞ്ഞ പുടിൻ, ഇന്ത്യയെ അതിശക്തമായ രാഷ്‌ട്രമെന്നും വിശേഷിപ്പിച്ചു.
പാശ്ചാത്യ വരേണ്യ വർഗത്തെ അന്ധമായി പിന്തുടരാത്ത എല്ലാവരെയും ശത്രുപക്ഷത്തു നിർത്താനാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ശ്രമം. ഒരു പരിധിവരെ അവരത് ഇന്ത്യയോടും പരീക്ഷിച്ചു. ഇപ്പോൾ ഇന്ത്യയെ പ്രലോഭിപ്പിക്കാനാണു ശ്രമിക്കുന്നത്. എന്നാൽ, ഇന്ത്യൻ നേതൃത്വം സ്വയം നയിക്കപ്പെടുന്നതാണ്.
ദേശീയ താത്പര്യങ്ങൾ മാത്രമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടു തന്നെ പടിഞ്ഞാറിന്‍റെ ശ്രമങ്ങൾ വെറുതേയാണെന്നു ഞാൻ കരുതുന്നു. എന്നാലും അവരത് തുടരുന്നു. അറബികളെ അവർ ശത്രുക്കളായി കാണുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വേർപെടുത്താൻ നോക്കുന്നത് അർഥശൂന്യമായ നടപടിയാണ്. പാശ്ചാത്യ രാജ്യങ്ങൾ തങ്ങളെ പിരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പുടിൻ.
യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും പോലുള്ള രാജ്യങ്ങൾ കൂടുതൽ പ്രാതിനിധ്യം അർഹിക്കുന്നുണ്ട്. യുഎൻ നവീകരിക്കപ്പെടും. എന്നാൽ, ഇതിനു സമയമെടുക്കും. 150 കോടിയിലേറെ ജനസംഖ്യയും ഏഴു ശതമാനത്തിലേറെ വളർച്ചയുമുള്ള കരുത്തുറ്റ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം.
മോദി ബുദ്ധിമാനും ശക്തനുമായ നേതാവാണെന്നും മോദിക്കു കീഴിൽ ഇന്ത്യ വികസനത്തിന്‍റെ വേലിയേറ്റത്തിലാണെന്നും കഴിഞ്ഞ ദിവസം പുടിൻ പറഞ്ഞിരുന്നു. മെയ്ക്ക് ഇന്ത്യ പദ്ധതിയിലൂടെ മോദി ശരിയായ കാര്യമാണു ചെയ്യുന്നതെന്നു കഴിഞ്ഞ മാസം പുടിൻ അഭിപ്രായപ്പെട്ടിരുന്നു.