അമെരിക്കൻ പ്രസിഡന്‍റ് കസേരയിൽ ഇരിക്കും മുമ്പേ ട്രംപുമായി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടി നിർത്തൽ കരാർ ചർച്ച ചെയ്യാൻ തയാറായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. എന്നാൽ അതു സ്വീകരിക്കുക യുക്രെയ്നിന് അത്ര എളുപ്പമല്ല. യുക്രെയ്നിനു മേൽ നിരവധി നിബന്ധനകളാണ് ഈ വെടി നിർത്തൽ കരാറിനു വേണ്ടി പുടിൻ മുന്നോട്ടു വയ്ക്കുന്നത്. യുക്രെയ്ൻ നാറ്റോ മോഹം കൈ വെടിയണം എന്നതാണ് റഷ്യയുടെ മുഖ്യ ആവശ്യം. യുക്രെയ്ൻ നിഷ്പക്ഷ നിലപാടു പുലർത്തണം എന്ന പുടിന്‍റെ ആവശ്യമാണ് ഈ വെടി നിർത്തൽ ചർച്ചയുടെ സുപ്രധാന ഘടകം.
നാറ്റോ സഖ്യ രാജ്യമാകാനുള്ള യുക്രെയ്നിന്‍റെ മോഹം ഉപേക്ഷിക്കുക, നേരത്തെയുള്ള പരിമിതമായ പ്രാദേശിക ഇളവുകൾ സ്വീകരിച്ച് മുന്നോട്ടു പോകാൻ തയാറാകുക എന്നിവയാണ് പുടിന്‍റെ മുഖ്യ ആവശ്യം.
യുദ്ധ സംഘർഷം മരവിപ്പിക്കാൻ ക്രെംലിൻ സമ്മതിച്ചേക്കുമെന്നാണ് മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റഷ്യൻ പ്രാദേശിക ചാനലുകൾ പുറത്തു വിടുന്ന റിപ്പോർട്ടുകൾ. നവംബർ 7-ന് നടന്ന വാൽഡായി ചർച്ചാ ക്ലബിൽ യുക്രെയ്ൻ നിഷ്പക്ഷത പുലർത്തേണ്ടതിന്‍റെ പ്രാധാന്യമായിരുന്നു പുടിന്‍റെ മുഖ്യ സംസാര വിഷയം.
യുക്രെയ്ൻ നിഷ്പക്ഷത പുലർത്തുന്നില്ലെങ്കിൽ റഷ്യയും യുക്രെയ്നും തമ്മിൽ എന്തെങ്കിലും നല്ലൊരു അയൽപക്ക ബന്ധം ഉണ്ടെന്നു ചിന്തിക്കാൻ പോലുമാകില്ല എന്നാണ് പുടിൻ യുക്രെയ്നിന്‍റെ നാറ്റോ മോഹത്തിനെതിരെ പറഞ്ഞത്.
യുക്രെയ്നിൽ ഇപ്പോഴുള്ള നാറ്റോ സഖ്യത്തിന്‍റെ സാന്നിധ്യം പ്രാദേശിക സ്ഥിരതയെയും റഷ്യയുടെ സുരക്ഷാ താൽപര്യങ്ങളെയും ദുർബലപ്പെടുത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
നിലവിൽ ക്രിമിയയും ഡോൺബാസ് മേഖലയുടെ പ്രധാന ഭാഗങ്ങളും ഉൾപ്പെടെ യുക്രേനിയൻ പ്രദേശത്തിന്‍റെ18ശതമാനം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഖാർകിവിലും മൈക്കോളൈവിലും ചെറിയ തോതിൽ സൈന്യത്തെ പിൻവലിക്കാൻ സാധിച്ചേക്കാം.
എങ്കിലും ക്രെംലിൻ തങ്ങളുടെ അധിനിവേശ പ്രദേശത്തിന്‍റെ ഭൂരിഭാഗവും നിലനിർത്തുന്നത് ആഭ്യന്തരവും തന്ത്രപരവുമായ വിജയമായിട്ടാണ് കാണുന്നത്. വെടിനിർത്തലിന് സാധ്യതയുള്ള ചട്ടക്കൂട് 2022 ഏപ്രിലിൽ നിന്നുള്ള കരട് കരാർ, ഇസ്താംബുൾ ചർച്ചകളിൽ ഏതാണ്ട് അന്തിമമായി, പുതുക്കിയ ചർച്ചകൾക്ക് അടിസ്ഥാനമായേക്കാം. ഈ ചട്ടക്കൂടിന് കീഴിൽ, റഷ്യ ഉൾപ്പെടെയുള്ള യുഎൻ സുരക്ഷാ കൗൺസിൽ സ്ഥിരാംഗങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സുരക്ഷാ ഗ്യാരന്‍റിക്കു പകരമായി യുക്രെയ്ൻ നിഷ്പക്ഷത പാലിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും യുക്രേനിയൻ റഷ്യൻ ആവശ്യങ്ങൾ തമ്മിലുള്ള വലിയ വ്യത്യാസങ്ങൾ ഉള്ളതു കൊണ്ട് ഒരു ശാശ്വത സമാധാനം എളുപ്പമല്ല.
ക്രിമിയ ഉൾപ്പടെ എല്ലാ പ്രദേശങ്ങളും പുന:സ്ഥാപിക്കുന്നതു വരെ യുക്രെയ്ൻ വിശ്രമിക്കില്ലെന്നാണ് വ്ലോഡിമിർ സെലൻസ്കി ആവർത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നത്.