ടൈറ്റൻ പൊട്ടിത്തെറിക്കുന്ന ശബ്ദം യുഎസ് നേവി നേരത്തേ കേട്ടു‌; എന്നിട്ടും തെരച്ചിൽ തുടർന്നതെന്തിന്?

ആരും ജീവനോടെ ശേഷിക്കുന്നില്ലെന്ന് 99 ശതമാനം ഉറപ്പിച്ചുകൊണ്ടു തന്നെയായിരുന്നു, വിമാനങ്ങളും കപ്പലുകളും റോബോട്ടുകളുമെല്ലാം ഉപയോഗിച്ച് വിവിധ രാജ്യങ്ങൾ പങ്കെടുത്ത ബൃഹത്തായ ആ രക്ഷാപ്രവർത്തനം
ടൈറ്റൻ പൊട്ടിത്തെറിക്കുന്ന ശബ്ദം യുഎസ് നേവി നേരത്തേ കേട്ടു‌; എന്നിട്ടും തെരച്ചിൽ തുടർന്നതെന്തിന്?
Updated on

ന്യൂയോർക്ക്: ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ടൈറ്റൻ പേടകം പൊട്ടിത്തെറിക്കുന്ന ശബ്ദം, യാത്ര തുടങ്ങിയ ദിവസം തന്നെ യുഎസ് നാവികസേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തൽ. ടൈറ്റനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയ കോസ്റ്റ് ഗാർഡിന് ഈ വിവരം കൈമാറുകയും ചെയ്തിരുന്നു.

ടൈറ്റന്‍റേതെന്നു കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയ ശേഷം, കറ്റാസ്ട്രോഫിക് ഇംപ്ലോഷൻ (Catastrophic Implosion) എന്നാണ് അപകടമുണ്ടാക്കിയ പൊട്ടിത്തെറിയ കോസ്റ്റ് ഗാർഡ് വിശേഷിപ്പിച്ചത്. എക്സ്പ്ലോഷൻ പുറത്തേക്കുള്ള സ്ഫോടനമാണെങ്കിൽ ഇംപ്ലോഷൻ അകത്തേക്കുള്ള സ്ഫോടനമാണ്.

(മലയാളികൾക്ക് എളുപ്പത്തിൽ മനസിലാക്കാൻ, മരട് ഫ്ളാറ്റ് പൊളിക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യയുമായി ഇതിനെ വിദൂരമായി താരതമ്യം ചെയ്യാം. അവശിഷ്ടങ്ങളൊന്നും പുറത്തേക്കു തെറിക്കാതെ ഉള്ളിലേക്കു മാത്രം വീഴുന്ന തരത്തിലാണ് അന്ന് ഫ്ളാറ്റ് പൊളിക്കൽ പൂർത്തിയായത്.)

ടൈറ്റനു സംഭവിച്ച ഇംപ്ലോഷന്‍റെ കാര്യത്തിൽ, ഉള്ളിലെ മർദം കുറയുകയും പുറത്ത് കടലിലെ മർദം ഗണ്യമായ കൂടുകയും ചെയ്തിരിക്കുന്ന അവസ്ഥയിൽ ഉള്ളിലേക്ക് ചുരുങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് നിഗമനം.

ഇത്രയും കാര്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടും, പേടകത്തിലെ ഓക്സിജൻ തീരുന്ന സമയം വരെ തെരച്ചിൽ തുടരാൻ തന്നെയായിരുന്നു നേവിയുടെയും കോസ്റ്റ് ഗാർഡിന്‍റെയും തീരുമാനം. ഈ സൂചനകളെക്കുറിച്ചൊന്നും പുറത്തുപറഞ്ഞതുമില്ല.

എന്തെങ്കിലും നേരിയ സാധ്യതയുണ്ടെങ്കിൽ, അപ്രതീക്ഷിതമായ എന്തെങ്കിലുമൊരു അദ്ഭുതം സംഭവിച്ചിട്ടുണ്ടെങ്കിൽ, ടൈറ്റനിലെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാമെന്ന ഒരു ശതമാനം സാധ്യത മുന്നിൽക്കണ്ടുള്ള തീരുമാനമായിരുന്നു അത്. അതായത്, ടൈറ്റനിൽ കയറിയ അഞ്ചു പേരിൽ ആരും ജീവനോടെ ശേഷിക്കുന്നില്ലെന്ന് 99 ശതമാനം ഉറപ്പിച്ചുകൊണ്ടു തന്നെയായിരുന്നു, വിമാനങ്ങളും കപ്പലുകളും റോബോട്ടുകൾ അടക്കമുള്ള അത്യാധുനിക യന്ത്ര സജ്ജീകരണങ്ങളുമെല്ലാം ഉപയോഗിച്ച് വിവിധ രാജ്യങ്ങൾ പങ്കെടുത്ത ബൃഹത്തായ ആ രക്ഷാപ്രവർത്തനം.

Trending

No stories found.

Latest News

No stories found.