ലണ്ടൻ: അനധികൃത കുടിയേറ്റം യൂറോപ്പിനെ കീഴടക്കുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇതുസംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങൾ പൊളിച്ചേഴുതേണ്ട കാലമായെന്നും അദ്ദേഹം. ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി റോമിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു. കുടിയേറ്റത്തെ ശത്രുക്കൾ ആയുധമായി പ്രയോഗിക്കുകയാണ്. ആളുകളെ നമ്മുടെ തീരങ്ങളിലേക്ക് മനഃപൂർവം തള്ളിവിടുന്നു. യൂറോപ്യൻ സമൂഹത്തെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. അനധികൃത കുടിയേറ്റം നമ്മൾ തടഞ്ഞില്ലെങ്കിൽ ഇത്തരക്കാരുടെ എണ്ണം വർധിക്കുകയേയുളളൂ.
അനധികൃത കുടിയേറ്റം നമ്മുടെ രാജ്യങ്ങളെയും യഥാർഥത്തിൽ സഹായം വേണ്ടവരെ പിന്തുണയ്ക്കാനുള്ള നമ്മുടെ ശേഷിയെയും കീഴടക്കും. അഭയാർഥി നിയമങ്ങളിൽ പരിഷ്കരണമുണ്ടാകണം. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബോട്ടുകൾ ഇനിയും വന്നുതൊണ്ടിരിക്കും. കൂടുതൽ ജീവനുകൾ കടലിൽ നഷ്ടമാകും. ബോട്ടുകൾ തടയുക എന്നത് ആഭ്യന്തരമായി സർക്കാരിന് പ്രതിജ്ഞ ചെയ്യേണ്ടി വരുന്നു. എന്നാൽ, ഇംഗ്ലീഷ് ചാനലിലൂടെ യുകെയിലേക്ക് അനധികൃതമായി വരുന്നവരെ തടയാൻ നിരവധി തടസങ്ങൾ നേരിടുന്നു. ക്രിമിനൽ സംഘങ്ങൾ അവരുടെ കച്ചവടത്തിന് ഏറ്റവും ചെലവുകുറച്ച വഴികൾ തേടും. മാനവികതയെ ചൂഷണം ചെയ്യും. ഇത്തരം ബോട്ടുകളിൽ കടലിലേക്കു വിടുന്നവരുടെ ജീവനെക്കുറിച്ചൊന്നും അവർ ചിന്തിക്കില്ലെന്നും സുനക് പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള ചർച്ചയിലും അനധികൃത കുടിയേറ്റം വിഷയമായെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫിസ്.