ആശുപത്രിയിൽ വീണത് ഹമാസിന്‍റെ റോക്കറ്റ്: തെളിവുമായി ഫ്രാൻസ്

ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിലാണ് ആശുപത്രി തകർന്നതെന്നായിരുന്നു ഹമാസിന്‍റെ വാദം
Kids in the hospital where the attack took place.
Kids in the hospital where the attack took place.
Updated on

പാരിസ്: ഗാസയിലെ അൽ അഹ്‌ലി ആശുപത്രിയിൽ 471 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം പലസ്തീനിയൻ റോക്കറ്റ് പതിച്ചതിനാലെന്നു ഫ്രഞ്ച് മിലിറ്ററി ഇന്‍റലിജൻസ്. അഞ്ചു കിലോഗ്രാമോളം സ്ഫോടകവസ്തു വഹിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചാണ് അപകടമെന്നു ഫ്രഞ്ച് സേനാ വൃത്തങ്ങൾ പറഞ്ഞു. പലസ്തീൻ ഭാഗത്തു നിന്നു തൊടുത്തുവിട്ട റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതായാണ് ലഭിച്ച തെളിവുകൾ സൂചിപ്പിക്കുന്നതെന്നും ഫ്രഞ്ച് സേന.

ഇതോടെ, ആശുപത്രി ആക്രമണത്തിൽ ഹമാസിന്‍റെ പ്രതിരോധം കൂടുതൽ ദുർബലമായി. ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിലാണ് ആശുപത്രി തകർന്നതെന്നായിരുന്നു ഹമാസിന്‍റെ വാദം. എന്നാൽ, പലസ്തീൻ ഭാഗത്തു നിന്നു റോക്കറ്റ് ഉയരുന്നതും തകരുന്നതുമായ വിഡിയൊ ദൃശ്യവും റോക്കറ്റ് ലക്ഷ്യം തെറ്റിയെന്ന് ഇത് അയച്ചവർ പറയുന്നതിന്‍റെ ശബ്ദരേഖയും ഇസ്രയേൽ പുറത്തുവിട്ടിരുന്നു. ആശുപത്രി ആക്രമിച്ചത് മറ്റൊരു സംഘമാണെന്നാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും പറഞ്ഞത്.

രഹസ്യാന്വേഷണ വിവരങ്ങൾ, ഉപഗ്രഹ ചിത്രങ്ങൾ, മറ്റു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നു ലഭിച്ച വിവരങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണു ഫ്രഞ്ച് മിലിറ്ററി ഇന്‍റലിജൻസിന്‍റെ വിലയിരുത്തൽ.

ആശുപത്രിയുടെ മുറ്റത്ത് റോക്കറ്റ് വീണപ്പോഴുണ്ടായ കുഴിക്ക് 39 ഇഞ്ച് നീളവും 29 ഇഞ്ച് വീതിയും 12-16 ഇഞ്ച് ആഴവും മാത്രമാണുള്ളത്. ഏകദേശം അഞ്ചു കിലോഗ്രാം സ്ഫോടകവസ്തുവിന് ഉണ്ടാക്കാൻ കഴിയുന്ന ആഘാതമാണിത്. തെക്കു നിന്നു വടക്കോട്ടായി രൂപപ്പെട്ടതാണ് കുഴി. അഥവാ തെക്കു നിന്നു വടക്കോട്ട് പോയ സ്ഫോടകവസ്തുവാണ് ഉപയോഗിച്ചിരിക്കുന്നത്. ഇസ്രേലി മിസൈലിന്‍റെ തികച്ചും വിപരീത ദിശയാണിത്. അഥവാ ഹമാസിന്‍റെ ഭാഗത്തു നിന്നാണ് റോക്കറ്റെത്തിയതെന്നും ഫ്രഞ്ച് ഇന്‍റലിജൻസ് ചൂണ്ടിക്കാട്ടുന്നു.

ആക്രമണമുണ്ടായി നിമിഷങ്ങൾക്കുള്ളിൽ 500 പേർ മരിച്ചെന്നും ഇസ്രയേൽ ആശുപത്രി ആക്രമിച്ചെന്നുമുള്ള ആരോപണവുമായി ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇസ്രയേലിനെതിരേ ഇറാനടക്കം രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തു. എന്നാൽ, ആക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.