മോസ്കോ: യുഎസ് പത്രപ്രവർത്തകൻ ഇവാൻ ഗെർഷ്‌കോവിച്ചിനെ ചാരപ്രവർത്തനത്തിന് ശിക്ഷിച്ച് റഷ്യൻ കോടതി.പതിനാറു വർഷത്തെ കഠിന തടവുശിക്ഷയാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ഇവാന് റഷ്യൻ കോടതി വിധിച്ചത്. കഴിഞ്ഞ മാർച്ചിൽ മോസ്കോയിൽ നിന്ന് 1,600 കിലോമീറ്റർ (1,000 മൈൽ) കിഴക്കുള്ള യെക്കാറ്റെറിൻബർഗ് നഗരത്തിൽ ഒരു റിപ്പോർട്ടിംഗ് യാത്രയ്ക്കിടെയാണ് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ടറെ ആദ്യം അറസ്റ്റ് ചെയ്തത്.
സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിക്ക് (സിഐഎ) വേണ്ടി പ്രവർത്തിക്കുന്ന ചാരനാണ് ഇദ്ദേഹമെന്നാണ് റഷ്യൻ പ്രോസിക്യൂട്ടർമാർ ആരോപിച്ചത്. ഗെർഷ്കോവിച്ചും ഡബ്ല്യുഎസ്ജെയും യുഎസും അതിനെ ശക്തമായി നിഷേധിക്കുന്നു.
വിധിക്കെതിരെ അപ്പീൽ നൽകാൻ ഇരുവിഭാഗത്തിനും 15 ദിവസത്തെ സമയമുണ്ട്, ജഡ്ജി പറഞ്ഞു.
"ഇവാൻ 478 ദിവസം ജയിലിൽ കിടന്ന്, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അകന്ന്, റിപ്പോർട്ടിംഗിൽ നിന്ന് തടഞ്ഞു, ഒരു പത്രപ്രവർത്തകനെന്ന നിലയിൽ തന്‍റെ ജോലി ചെയ്തതിന് തടഞ്ഞു വച്ച ശേഷമാണ് ഈ കപടബോധ്യവുമായി റഷ്യ എത്തിയിരിക്കുന്നതെന്ന് വാൾസ്ട്രീറ്റ് ജേർണൽ പബ്ലിഷർ അൽമർ ലത്തൂർ, ചീഫ് എഡിറ്റർ എമ്മ ടക്കർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
“പത്രപ്രവർത്തനം ഒരു കുറ്റമല്ല, അദ്ദേഹത്തെ മോചിപ്പിക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല. ഇത് ഇപ്പോൾ അവസാനിപ്പിക്കണം. ”എന്നാണ് വാൾസ്ട്രീറ്റ് ജേർണൽ ആവശ്യപ്പെടുന്നത്.
വിദേശ ജയിലുകളിൽ കഴിയുന്ന റഷ്യൻ പൗരന്മാരുമായി തടവുകാരെ കൈമാറ്റം ചെയ്യുന്നതിന് റഷ്യ തങ്ങളുടെ മാധ്യമപ്രവർത്തകനെ വിലപേശൽ ചിപ്പായി കൈവശം വച്ചിരിക്കുകയാണെന്ന് വാഷിംഗ്ടൺ കുറ്റപ്പെടുത്തി.
അമെരിക്ക അവരുടെ പൗരന്മാരെ വിട്ടു കിട്ടുന്നതിനായി എന്തു വിലപേശലും നടത്തുമെന്ന് മോസ്കോയ്ക്ക് അറിയാം. ദീർഘനാളായി റഷ്യ-അമെരിക്ക ചർച്ചകൾ ഇക്കാര്യത്തിൽ നടന്നു വരുന്നു.
പെട്ടെന്നുണ്ടായ ഈ വിധി അടുത്തു തന്നെ തങ്ങളുടെ പൗരന്മാരെ കൈമാറ്റം ചെയ്യാനുള്ള സാധ്യതയാണ് കാണിക്കുന്നതെന്നാണ് റഷ്യൻ നിരീക്ഷകരുടെ അഭിപ്രായം.
റഷ്യൻ ജുഡീഷ്യൽ പ്രാക്റ്റീസ് അനുസരിച്ച്, ഒരു കൈമാറ്റത്തിന് സാധാരണയായി ഒരു വിധി ഇതിനകം തന്നെ ഉണ്ടായിരിക്കണം.
കഴിഞ്ഞ മാസം വിചാരണ ആരംഭിച്ചു, അവസാന രണ്ട് ദിവസത്തെ നടപടികൾ ഓഗസ്റ്റിലാണ് ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്. 18 വർഷത്തെ തടവ് ശിക്ഷയാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്.എന്നാൽ അപ്രതീക്ഷിത നീക്കത്തിൽ, വാദം വ്യാഴാഴ്ചത്തേക്ക് മാറ്റി, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ജഡ്ജി വിധി പ്രസ്താവിച്ചു.
സ്വെർഡ്ലോവ്സ്ക് മേഖലയിലെ ടാങ്കുകൾ ഉൽപ്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററിയെക്കുറിച്ചുള്ള "രഹസ്യ വിവരങ്ങൾ" ശേഖരിക്കാൻ "സിഐഎയുടെ നിർദ്ദേശപ്രകാരം" പ്രവർത്തിച്ചതായി കുറ്റപ്പെടുത്തിയാണ് 32-കാരനായ ഗെർഷ്കോവിച്ചിനെ മോസ്കോ കോടതി ശിക്ഷിച്ചത്.