ന്യൂഡൽഹി: ഇന്ത്യയിലേക്കു ഭീകരതയെയും ചൈനയിലേക്കു കഴുതകളെയും കയറ്റുമതി ചെയ്യുന്ന രാജ്യമെന്ന ദുഷ്പേരുണ്ട് പാക്കിസ്ഥാന്. എന്നാലിപ്പോൾ പശ്ചിമേഷ്യയിലേക്ക് യാചകരെയും പോക്കറ്റടിക്കാരെയും കയറ്റുമതി ചെയ്യുന്നവരെന്ന പേരു കൂടി കിട്ടിയിരിക്കുന്നു അവർക്ക്. കഴിഞ്ഞദിവസം വിദേശത്തുള്ള പാക്കിസ്ഥാനികളുടെ ക്ഷേമം സംബന്ധിച്ച പാക് സെനറ്റ് സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ വകുപ്പിന്‍റെ സെക്രട്ടറി സീഷൻ ഖൻസാദ തന്നെ വെളിപ്പെടുത്തിയതാണ് നാണക്കേടിന്‍റെ പുതിയ ചരിത്രം.
പാക്കിസ്ഥാനിൽ നിന്നു പശ്ചിമേഷ്യയിലേക്കു പോകുന്നവരിൽ ഭൂരിപക്ഷവും ഭിക്ഷാടനത്തിനും പോക്കറ്റടിക്കും വേണ്ടിയാണത്രെ പോകുന്നത്. തീർഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്കു പോകുന്ന 90 ശതമാനം പാക് പൗരന്മാരുടെയും ലക്ഷ്യം പോക്കറ്റടിയാണ്. മക്കയിലെ ഗ്രാൻഡ് മോസ്കിൽ പിടിക്കപ്പെടുന്ന ഭൂരിപക്ഷം പോക്കറ്റടിക്കാരും പാക്കിസ്ഥാനികളാണെന്നു സൗദി അറേബ്യ അറിയിച്ചെന്നും ഖൻസാദ പറയുന്നു. സൗദിയുടെയും ഇറാഖിന്‍റെയും ജയിലുകൾ പാക് യാചകരെയും പോക്കറ്റടിക്കാരെയും കൊണ്ടു നിറഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ ഇരു രാഷ്‌ട്രങ്ങളും പാക്കിസ്ഥാനോട് പരാതിപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യം നമ്മൾ പരിഹരിക്കേണ്ടിയിരിക്കുന്നു എന്നു ഖൻസാദ സെനറ്റ് സമിതി യോഗത്തിൽ പറഞ്ഞു.
പത്തു ലക്ഷത്തോളം പാക്കിസ്ഥാനികളുണ്ട് വിദേശത്ത്. വലിയൊരു വിഭാഗം പോക്കറ്റടിക്കാരാണത്രെ. തൊഴിൽ മേഖലയിൽ പാക്കിസ്ഥാനികളുടെ പാപ്പരത്തത്തെക്കുറിച്ച് സമിതിയുടെ ചെയർമാൻ റാണ മഹമൂദുൽ ഹസൻ കാകറും യോഗത്തിൽ പരിതപിച്ചു. ജപ്പാൻ 3.4 ലക്ഷം വിദഗ്ധ തൊഴിലാളികളെ തേടിയപ്പോൾ ഇന്ത്യയിൽ നിന്ന് 1.5 ലക്ഷവും നേപ്പാളിൽ നിന്ന് 91000ഉം പേർക്ക് അവസരം ലഭിച്ചു പാക്കിസ്ഥാനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് വെറും 200 പേർ. 50,000 എൻജിനീയർമാർ പാക്കിസ്ഥാനിൽ തൊഴിലില്ലാതിരിക്കുമ്പോഴാണിത്. ഇന്ത്യയും നേപ്പാളും അവരുടെ ഉദ്യോഗാർഥികളെ ജാപ്പനീസ് ഭാഷ പഠിപ്പിച്ചു. നമുക്കതിനു കഴിഞ്ഞില്ല- കാക്കർ പറഞ്ഞു.