റിയാദ്: ഔഷധ ഗുളികകളെന്ന വ്യാജേന ആംഫറ്റാമിൻ ഗുളികകൾ വിദേശത്തു നിന്നെത്തിച്ച് രാജ്യത്ത് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്‍റെ വധശിക്ഷ മക്കയിൽ നടപ്പാക്കി സൗദി. ഈജിപ്ഷ്യൻ പൗരനായ മിസ്ബാഹ് അൽ സൗദി മിസ്ബാഹ് ഇമാം എന്നയാളുടെ ശിക്ഷയാണ് നടപ്പാക്കിയത്.
പ്രതിക്കെതിരെ കൃത്യമായ വിചാരണയ്ക്കും തെളിവുകളുടെ പരിശോധനക്കും ശേഷം പ്രതി കുറ്റകൃത്യം നടത്തിയെന്ന് ഉറപ്പാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്. പ്രതിഭാഗം പിന്നീട് അപ്പീലുമായി പോയെങ്കിലും കോടതി, വിധി ശരിവെക്കുകയായിരുന്നു.
സമൂഹത്തിനാകെ തന്നെയും വിപത്തായ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം ചെയ്യുന്ന ഏതൊരാളും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മയക്കുമരുന്നിനെതിരെ സന്ധിയില്ലാസമരമാണ് രാജ്യം തുടരുന്നതെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.