ഷാർജ: ഷാർജയിലെ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് ബസ് യുഗത്തിലേക്ക് പ്രവേശിക്കുന്നു. ആദ്യ ഘട്ടത്തിൽ 10 ബസുകൾക്കാണ് അനുമതിയെന്ന് ഷാർജ ആർടിഎ ചെയർമാൻ എൻജി. യുസഫ് ഖമിസ് അൽ ഒത്തമ്‌നി അറിയിച്ചു.
ദുബായ്, അജ്‌മാൻ എമിറേറ്റുകളിലേക്കും ഷാർജയിലെ അൽ ഹംരിയയിലേക്കുമാണ് ഈ ഘട്ടത്തിൽ സർവീസ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.2050 ഓടെ 'യു എ ഇ നെറ്റ് സീറോ'പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇലട്രിക് ബസുകളിലേക്കുള്ള ചുവടുമാറ്റം.
9 മീറ്റർ നീളമുള്ള കിംഗ് ലോങ്ങ് മോഡൽ ബസിൽ 41 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. യൂറോപ്യൻ സുരക്ഷാ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഈ മോഡൽ ബസിൽ ബാറ്ററി ഉപയോഗിച്ചാണ് ശീതീകരണ സംവിധാനം പ്രവർത്തിപ്പിക്കുന്നത്.കാർബൺ ബഹിർഗമനം ഇല്ലെന്നതാണ് ഇത്തരം ബസുകളുടെ പ്രധാന സവിശേഷത. വരും വർഷങ്ങളിൽ കൂടുതൽ ഇലട്രിക് ബസുകൾ വാങ്ങുമെന്ന് എസ് ആർ ടി എ അറിയിച്ചു.