ലഹരിക്കടത്ത്: രണ്ടാഴ്ച്ചക്കിടെ മൂന്നാമത്തെ വധശിക്ഷയും നടപ്പിലാക്കി സിംഗപ്പൂർ

മലേഷ്യൻ സ്വദേശിയായ മുഹമ്മദ് ഷല്ലേ അബ്ദുൾ ലത്തീഫാണ് 54 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
Representative image
Representative image
Updated on

ക്വാലാലംപുർ: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് രണ്ടാഴ്ച്ചക്കിടെ മൂന്നു വധശിക്ഷകൾ നടപ്പിലാക്കി സിംഗപ്പൂർ. വധശിക്ഷ നിർത്തലാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള മുറവിളികൾ തുടരുന്നതിനിടെയാണ് മൂന്നാമത്തെ തടവുപുള്ളിയെയും സിംഗപ്പൂർ വധശിക്ഷക്കിരയാക്കിയത്. മലേഷ്യൻ സ്വദേശിയായ മുഹമ്മദ് ഷല്ലേ അബ്ദുൾ ലത്തീഫാണ് 54 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 54 ഗ്രാം ഹെറോയിൽ 640 പേർക്ക് ഒരാഴ്ച ഉപയോഗിക്കാൻ സാധിക്കുമെന്നാണ് കോടതി കണ്ടെത്തിയത്. ഗോത്ര വിഭാഗമായ മലയ് വംശജനായ ഇയാൾ 2016ൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതിനിടെയാണ് അറസ്റ്റിലായത്.

2019ലാണ് വിചാരണയ്ക്കൊടുവിൽ വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള അപ്പീൽ തള്ളി. സുഹൃത്ത് സിഗററ്റെന്ന് വിശ്വസിപ്പിച്ച് നൽകിയ ബാഗിൽ ലഹരി മരുന്നാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് വിചാരണയിൽ ലത്തീഫ് വാദിച്ചിരുന്നു. എന്നാൽ കണ്ണടച്ചു വിശ്വസിക്കാൻ പാകത്തിലുള്ള സൗഹൃദമൊന്നും ഇരുവരും തമ്മിലുണ്ടായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 500 ഗ്രാമിൽ കൂടുതൽ കഞ്ചാവോ, 15 ഗ്രാമിൽ കൂടുതൽ ഹെറോയിനോ പിടിച്ചെടുത്താൽ വധശിക്ഷ നൽകാമെന്നാണ് സിംഗപ്പൂരിലെ നിയമം. ഈ വർഷം വധിക്കപ്പെടുന്ന അഞ്ചാമത്തെ തടവുപുള്ളിയാണ് ലത്തീഫ്. കഴിഞ്ഞ വെള്ളിയാഴ്ച സരിദേവി ദിജാമണി എന്ന സ്ത്രീയെ 31 ഗ്രാം ഹെറോയിൻ കടത്തിയതിന്‍റെ പേരിൽ വധിച്ചിരുന്നു. 19 വർഷങ്ങൾക്കിടെ സിംഗപ്പൂർ വധശിക്ഷ നടപ്പിലാക്കുന്ന ആദ്യത്തെ സ്ത്രീയാണ് സരീ ദേവി. രണ്ട് ദിവസങ്ങൾക്കു മുൻപ് മുഹമ്മദ് അസീസ് ഹുസൈനെയും 31 ഗ്രാം ഹെറോയിൻ കടത്തിയതിന്‍റെ പേരിൽ വധിച്ചിരുന്നു. ലഹരിക്കടത്തിന്‍റെ പേരിൽ വധശിക്ഷ നടപ്പിലാക്കുന്നത് നിർത്തണമെന്ന് അന്താരാഷ്ട്ര തലത്തിൽ ആവശ്യമുയരുന്നുണ്ട്. എന്നാൽ ലഹരിക്കടത്ത് തടയാൻ മറ്റു മാർഗമില്ലെന്നാണ് സിംഗപ്പൂരിന്‍റെ നിലപാട്. നിവൃത്തികേടു കൊണ്ട് ലഹരിക്കടത്തിൽ കണ്ണികളായി മാറുന്ന അരികുവത്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ളവർ മാത്രമാണ് ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നതെന്നും വിമർശനമുണ്ട്.

Trending

No stories found.

Latest News

No stories found.