റിയാദ്: ചരിത്രം പഴങ്കഥയാകുന്നു... മിസ്സ് യൂണിവേഴ്സ് വേദിയിലേക്ക് ആദ്യ മത്സരാർഥിയെ അയച്ച് സൗദി അറേബ്യ. സൗദിക്കു വേണ്ടി റൂമി അൽഖഹ്താനിയാണ് ഇത്തവണത്തെ വിശ്വസുന്ദരി വേദിയിലെത്തുന്നത്. നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ റൂമി മോഡലിങ് രംഗത്ത് പ്രശസ്തയാണ്. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റൂമി 2024 ലെ മിസ്സ് യൂണിവേഴ്സ് വേദിയിൽ സൗദി അറേബ്യയ്ക്കു വേണ്ടി മത്സരിക്കുമെന്ന് റൂമി പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ പതാകയേന്തിക്കൊണ്ടുള്ള ചിത്രവും 27കാരിയായ റൂമി പങ്കു വച്ചിട്ടുണ്ട്.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ പിന്തുണയോടെയാണ് റൂമി മത്സരിക്കാനൊരുങ്ങുന്നത്. ഇതിനു മുൻപ് സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് അനുമതി നൽകിയതും പുരുഷ രക്ഷാകർതൃത്വമില്ലാതെ പാസ്പോർട്ടിന് അപേക്ഷിക്കാനും മുസ്ലിം ഇതര നയതന്ത്രജ്ഞർക്ക് മദ്യം വാങ്ങാൻ അനുമതി നൽകിയതും കിരീടാവകാശിയുടെ താത്പര്യ പ്രകാരമാണ്.
മിസ്സ് സൗദി അറേബ്യ, മിസ്സ് മിഡിൽ ഈസ്റ്റ്, മിസ്സ് അറബ് വേൾഡ് പീസ്, മിസ്സ് വിമൺ( സൗദി അറേബ്യ) എന്നീ മത്സരങ്ങളിലെല്ലാം റൂമി വിജയിയാണ്. ഇത്തവണ സെപ്റ്റംബറിൽ മെക്സിക്കോയിൽ വച്ചാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്.