ടൈറ്റാനിക്കിന്‍റെ 'പ്രേതം': അവശിഷ്ടങ്ങൾ തേടിപ്പോയ അന്തർവാഹിനി കാണാനില്ല - Video

തിങ്കളാഴ്ചയാണ് സഞ്ചാരികളുമായി ഓഷൻഗേറ്റ് എന്ന മുങ്ങിക്കപ്പൽ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു യാത്ര തിരിച്ചത്. ഇപ്പോൾ ഇതെവിടെയെന്ന് യാതൊരു രൂപവുമില്ല.

ന്യൂയോര്‍ക്: ഒരിക്കലും മുങ്ങില്ലെന്ന അവകാശവാദവുമായി കടലിലിറങ്ങി ആദ്യയാത്രയിൽ തന്നെ തകർന്നുപോയ ടൈറ്റാനിക്കിന്, ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കപ്പൽ അപകടങ്ങളിലൊന്നായി അവശേഷിക്കാൻ മാത്രമായിരുന്നു നിയോഗം. ഈ കപ്പൽ പിന്നീട് പല സാഹിത്യ രചനകൾക്കും സിനിമകൾക്കുമെല്ലാം വിഷയമായി. കടലിന്‍റെ അടിത്തട്ടിൽ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണിക്കാൻ കൊണ്ടുപോകുന്നത് മേഖലയിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായും മാറി.

എന്നാലിപ്പോൾ, ഇത്തരത്തിൽ പര്യവേക്ഷകരായ വിനോദസഞ്ചാരികളുമായി ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയിരുന്ന അന്തര്‍വാഹിനി അപ്പാടെ അറ്റ്ലാന്‍റിക് സമുദ്രത്തിൽ കാണാതായിരിക്കുകയാണ്.

തിങ്കളാഴ്ചയാണ് സഞ്ചാരികളുമായി ഓഷൻഗേറ്റ് എന്ന മുങ്ങിക്കപ്പൽ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു യാത്ര തിരിച്ചത്. ഇപ്പോൾ ഇതെവിടെയെന്ന് യാതൊരു രൂപവുമില്ല. രക്ഷാദൗത്യം തുടരുകയാണ്.

ഒരു ജീവനക്കാരനും നാല് മിഷൻ സ്പെഷ്യലിസ്റ്റുകളുമാണ് ഓഷൻഗേറ്റിലുള്ളത്. കാണാതായവരിൽ ബ്രിട്ടീഷ് കോടീശ്വരനും പര്യവേക്ഷകനുമായ ഹാമിഷ് ഹാര്‍ഡിങ്ങും ഉൾപ്പെടുന്നു.

ഓഷന്‍ഗേറ്റ് പര്യവേക്ഷണങ്ങൾ വഴി വിനോദസഞ്ചാരികള്‍ക്ക് ടൈറ്റാനിക്ക് കപ്പലിലേക്കുള്ള സന്ദര്‍ശനത്തിനായി ചാര്‍ട്ടര്‍ ചെയ്യാനാകും. ഒരാഴ്ച നീളുന്ന യാത്രയ്ക്ക് രണ്ടര ലക്ഷം ഡോളറാണ് ഏറ്റവും കുറഞ്ഞ ഫീസ്.

1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്ന് നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയിലാണ് ടൈറ്റാനിക്ക് മഞ്ഞുമലയില്‍ ഇടിച്ചു മുങ്ങിയത്. അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്നു ഇത്. അപകടത്തിൽ 1500ലധികം പേരാണ് മരിച്ചത്.

Trending

No stories found.

More Videos

No stories found.