അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഏതു കക്ഷിയുടെ സ്ഥാനാർഥിയും വിജയിക്കാൻ സാധ്യതയുള്ളവയാണ് സ്വിങ് സംസ്ഥാനങ്ങൾ. പ്രസിഡൻഷ്യൽ സ്ഥാനാർഥികൾ പ്രചാരണ കാലയളവിലുടനീളം അവരുടെ ഊർജ്ജവും വിഭവങ്ങളും കേന്ദ്രീകരിക്കുന്ന ഈ സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിന്‍റെ യുദ്ധഭൂമി എന്നും അറിയപ്പെടുന്നു. 2024 ൽ മുൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ട്രംപിന് സ്വിങ് സ്റ്റേറ്റുകളിൽ പിന്തുണ വർധിച്ചു. ഈ നിർണായക സംസ്ഥാനങ്ങളിൽ ശക്തമായ പിന്തുണ നേടാൻ ഹാരിസിന് കഴിഞ്ഞില്ല എന്നതാണ് ഡെമോക്രാറ്റുകളുടെ തിരിച്ചു വരവ് അസാധ്യമാക്കിയത്.
വൈസ് പ്രസിഡന്‍റ് കമല ഹാരിസും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഏറ്റവും കൂടുതൽ സന്ദർശിച്ച ഈ സ്വിങ് സംസ്ഥാനങ്ങൾ നാലു വ്യത്യസ്ത സമയ മേഖലകളിലായിവ്യാപിച്ചുകിടക്കുന്നു. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത്കരോലിന, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് ഏഴു സ്വിങ് സംസ്ഥാനങ്ങൾ. പെൻസിൽവാനിയ, ജോർജിയ, മിഷിഗൺ, അരിസോണ, വിസ്‌കോൺസിൻ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചു. വിസ്കോൺസിൻ, മിഷിഗൺ, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയ സാധ്യത പ്രവചിച്ചിരുന്നത്.എന്നാൽ വിസ്കോൺസിൻ അടക്കമുള്ള മറ്റ് ആറു സ്വിങ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ട്രംപിന് ആവശ്യമായ ഇലക്‌ടറൽ വോട്ടുകൾ ലഭ്യമായതോടെ വിജയം ട്രംപിന്‍റെ സ്വന്തമായി. ഇത്തവണ വളരെ നേരത്തെ തന്നെ ഫലം അറിഞ്ഞു.
മുമ്പെങ്ങുമില്ലാത്ത വണ്ണം ദശലക്ഷങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. അമെരിക്കയിൽ എൺപത്തിനാലു ദശലക്ഷം പേരാണ് ഇത്തവണ വോട്ടു ചെയ്തത്. ഹാരിസും ട്രംപും തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് പ്രവേശിച്ചത് ഏഴ് സ്വിങ് സ്റ്റേറ്റുകളെ കേന്ദ്രീകരിച്ചായിരുന്നു.
പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ, അരിസോണ, ജോർജിയ എന്നിവിടങ്ങളിലെ “നീല മതിൽ” ആണ് കഴിഞ്ഞ തവണ ഡെമോക്രാറ്റുകളെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെങ്കിൽ ഇത്തവണ അവർ ചരിത്രം തിരുത്തിയെഴുതി.ഇത്തവണ ഡെമോക്രാറ്റുകളുടെ നൊവാഡയും റിപ്പബ്ലിക്കൻമാരുടെ നോർത്ത് കരോലിനയും കടുത്ത മത്സരമാണ് കാഴ്ച വച്ചത്.അവിടെയും ട്രംപിന് മുൻതൂക്കം ഉണ്ടായതാണ് വിജയത്തിലേക്ക് അദ്ദേഹത്തെ കൈ പിടിച്ചുയർത്തിയത്.
കമലാ ഹാരിസിനെ അമെരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയായി തെരഞ്ഞെടുത്തപ്പോൾ മുതൽ ഡെമോക്രാറ്റുകളിൽ ഒരു വിഭാഗം കടുത്ത നിരാശയിലായിരുന്നു.കഴിഞ്ഞ നാലു വർഷമായി ഡെമോക്രാറ്റുകൾക്ക് ശക്തനായ ഒരു നേതാവിന്‍റെ അഭാവമാണ് ഇതിനു കാരണം. ഈ അഭാവം ട്രംപിനെ മികച്ച സ്ഥാനാർഥിയായി കാണാൻ യാഥാസ്ഥിതിക ഡെമോക്രാറ്റുകളെ പ്രേരിപ്പിച്ചു എന്നതും ട്രംപിന്‍റെ വിജയത്തിനു കാരണമായി.
വ്യക്തമായ ഒരു തെരഞ്ഞെടുപ്പു പ്രചരണ നയരൂപ രേഖ പോലും ഹാരിസിന് ഇല്ലാതെ പോയതും അവർക്ക് സ്വന്തം പാർട്ടിയിൽ പിന്തുണ കുറച്ചു. ചുരുക്കത്തിൽ ഡെമോക്രാറ്റുകളുടെ തെറ്റായ നയരൂപീകരണവും ശക്തമായ നേതൃത്വത്തിന്‍റെ അഭാവവും ട്രംപിന്‍റെ രണ്ടാം വരവിനു വളമായി.