കംപാല: ഉഗാണ്ടയിൽ സ്കൂളിനുനേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ 38 കുട്ടികൾ ഉൾപ്പെടെ 41 പേർ കൊല്ലപ്പെട്ടു. എട്ടു പേർക്കു പരുക്കേറ്റു. ആറു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. കൊല്ലപ്പെട്ടവരിൽ ഒരാൾ കാവൽക്കാരനും രണ്ടു പേർ നാട്ടുകാരുമാണ്. നാട്ടുകാരെ സ്കൂളിനു പുറത്തു വെടിവച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കുട്ടികളെ ഡോർമിറ്ററിക്കു തീവച്ചാണു കൊലപ്പെടുത്തിയത്.
കോംഗോ അതിർത്തിയിലുള്ള സെക്കൻഡറി സ്കൂളിലാണ് ആക്രമണമെന്നു പോണ്ട്വെ ലുബിറിഹ മേയർ സെൽവെസ്റ്റ് മാപോസ് പറഞ്ഞു. കൂട്ടക്കൊലയ്ക്കുശേഷം ഭീകരർ അതിർത്തി കടന്നു കോംഗോയിലേക്കു രക്ഷപെട്ടു. അഞ്ചു പേരാണ് ഭീകരസംഘത്തിലുണ്ടായിരുന്നതെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ഫെലിക്സ് കുലയിഗ്യേ പറഞ്ഞു.
തട്ടിക്കൊണ്ടുപോയവരെ രക്ഷപെടുത്താൻ ഉഗാണ്ടൻ സേന ഭീകരരെ പിന്തുടരുകയാണെന്നും കോംഗോയിലെ വിറുംഗ നാഷനൽ പാർക്കിന്റെ ഭാഗത്തേക്കാണ് ഇവർ പോയതെന്നും അദ്ദേഹം. കോംഗോ അതിർത്തിയിൽ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് ആക്രമണമുണ്ടായ സ്കൂൾ.
ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് അധികൃതർ. സ്കൂളുകള്‍ കത്തിക്കുന്നതും വിദ്യാർഥികളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതും ഈ സംഘടനയുടെ പതിവാണ്. 1990കളില്‍ ഉഗാണ്ടൻ മുസ്ലിംകളിലെ ഒരു വിഭാഗം രൂപീകരിച്ച എഡിഎഫിനെ 2001ല്‍ സൈന്യം ഉഗാണ്ടയിൽനിന്നു തുരത്തിയിരുന്നു. തുടർന്ന് കോംഗോയിലേക്കു പിൻവാങ്ങിയ എഡിഎഫ് പിന്നീട് ഐഎസുമായി ബന്ധം സ്ഥാപിച്ചു. കഴിഞ്ഞ മാർച്ചിൽ എഡിഎഫ് കോംഗോയിൽ 19 പേരെ കൊലപ്പെടുത്തിയിരുന്നു.