കാബൂൾ: ഗാർഹിക പീഡനത്തിനിരയായി വിവാഹമോചനം നേടിയ സ്ത്രീകളോട് വീണ്ടും മുൻ ഭർത്താക്കന്മാർക്കൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ. അഫ്ഗാനിസ്ഥാനിൽ യുഎസിന്‍റെ സൈനിക സാനിധ്യമുള്ളപ്പോഴാണ് പങ്കാളികളിൽ നിന്നും ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്ന സ്ത്രീകൾക്ക് വിവാഹ മോചനം നൽകിയത്.
ഇപ്പോൾ ഇവരോടെല്ലാം മുൻ ഭർത്താവിന്‍റെ അടുത്തേക്ക് പോവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഭർത്താവിന്‍റെ പീഡനത്തിൽ മുഴുവൻ പല്ലുകളും നഷ്ടപ്പെട്ട് 8 കുട്ടികളുമായി ഒളിച്ചു താമസിച്ചിരുന്ന സ്ത്രീയെ നിർബന്ധിച്ച് താലിബാൻ മുൻ ഭർത്താവിനൊപ്പം അയച്ചു. മുൻ ഭർത്താവിനൊപ്പം എത്തിയപ്പോൾ വീണ്ടും മർദ്ദനം ഏൽക്കേണ്ടി വന്നെന്നും കൈയ്യുടേയും കാലിന്‍റേയും എല്ലുകൾ പൊട്ടിയതായും യുവതി പറഞ്ഞു. വീട്ടിൽ പൂട്ടിയിടുകയാണ് പതിവ്, മർദ്ദനത്തിൽ പലപ്പോളും ബോധം കെട്ടുപോയിട്ടുണ്ടെന്നും ഭക്ഷണം നൽകുന്നത് കുട്ടികളാണ്. മുടി വലിച്ചു പറിച്ച് ഇപ്പോൾ തലയിൽ കഷണ്ടിയാണെന്നും യുവതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
വിവാഹ മോചിതകളായ എല്ലാവരും തിരികെ മുൻ ഭർത്താവിന്‍റെ അടുത്തേക്ക് പോവണമെന്ന താലിബാന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ മിക്ക സ്ത്രീകളെയും ഭർത്താക്കന്മാർ പിടിച്ചുകൊണ്ടു പോയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥനിൽ താലിബാൻ അധികാരത്തിൽ കയറിയതിൽ പിന്നെ സ്ത്രീകളുടേത് ദുരന്ത ജീവിതമാണെന്നാണ് പഠനങ്ങൾ പറയുന്നത്