കറാച്ചി: പാക്കിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ 30 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോയിരുന്ന ഹസാര എക്സ്പ്രസിന്‍റെ ചില കംപാർട്ടുമെന്‍റുകൾ പാളം തെറ്റിയാണ് അപകടമുണ്ടായത്.
നവാബ് ഷാ ജില്ലയിൽ സർഹാരി റെയിൽവേ സ്റ്റേഷനു സമീപമാണ് എക്സ്പ്രസ് ട്രെയിനിന്‍റെ പത്തു ബോഗികൾ പാളം തെറ്റി മറിഞ്ഞത്. അപകടമുണ്ടായ സമയത്ത് ട്രെയിനിൽ ആയിരം പേരോളം ഉണ്ടായിരുന്നുവെന്നാണ് നിഗമനം. അതു കൊണ്ട് തന്നെ മരണപ്പെട്ടവരുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുള്ളതായി റെയിൽവേ മന്ത്രി സാദ് റഫീക് പറഞ്ഞു. അപകട കാരണം വ്യക്തമല്ല. സാങ്കേതിക പ്രശ്നങ്ങളായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ. അട്ടിമറിക്കുള്ള സാധ്യതകളും അധികൃതർ തള്ളിക്കളയുന്നില്ല. സൈന്യം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനായി സൈനിക ഹെലികോപ്റ്ററുകൾ പ്രദേശത്തെത്തിച്ചിട്ടുണ്ട്. സിന്ധ് ഇതിനു മുൻപും ട്രെയിൻ ദുരന്തങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. 1990ൽ സുക്കൂറിൽ ഉണ്ടായ അപകടത്തിൽ 307 പേരാണ് കൊല്ലപ്പെട്ടത്. 2021 ജൂൺ 7ന് സിന്ധിലെ ഗോത്കിയിൽ രണ്ട് എക്സ്പ്രസ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച 32 പേർ കൊല്ലപ്പെട്ടു. സിന്ധിലെ റോഹ്രി സ്റ്റേഷനിൽ ട്രെയിൻ ഇടിച്ച് 2020 ഫെബ്രുവരിയിൽ 19 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.