അജയൻ
ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം...
യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്‍റെ തിരിച്ചുവരവിൽ അവഗണിക്കപ്പെടാൻ പോകുന്നത് ഇങ്ങനെ ചില ആശങ്കകളാണ്. ആഗോള സുരക്ഷ എന്ന ആശയത്തിനു മുന്നിൽ ഇതിനകം തന്നെ അരികുവത്കരിക്കപ്പെട്ടു കഴിഞ്ഞ പരിസ്ഥിതി പ്രശ്നങ്ങൾക്കു മേൽ ട്രംപിന്‍റെ വരവോടെ പടർന്നു കയറാൻ പോകുന്നത് അവഗണനയുടെ പുകപടലങ്ങളായിരിക്കും. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനം എന്ന അടിയന്തര സാഹചര്യം. അതു നേരിടുന്നതിനുള്ള ആഗോള നീക്കങ്ങൾ ഒന്നൊന്നായി പാളം തെറ്റാൻ അമെരിക്കയിലെ അധികാരമാറ്റം കാരണമാകുമെന്നു വേണം കരുതാൻ. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സർക്കാർ നയങ്ങളായി മാറുന്ന പക്ഷം, വനനശീകരണത്തിനും വിഭവശോഷണത്തിനും പെട്രോളിയം ഇന്ധനങ്ങൾക്കുമെതിരായ പതിറ്റാണ്ടുകളുടെ പോരാട്ടം തന്നെ വിഫലമാകാം.
അസർബൈജാനിലെ ബാകുവിൽ ലോകത്തെ ഏറ്റവും വലിയ കാലാവസ്ഥാ ഉച്ചകോടിയായി കോപ് (COP 24) തുടങ്ങാനിരിക്കുന്നതിനു തൊട്ടു മുൻപാണ് യുഎസിൽ ട്രംപിന്‍റെ വിജയ പ്രഖ്യാപനമുണ്ടായത് എന്നത് ക്രൂരമായൊരു വിരോധാഭാസം! ആഗോള കാലാവസ്ഥാ ധനകാര്യം ചർച്ചയാകുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്‌ട്ര വേദിയാണ് കോപ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള ഫണ്ടിന്‍റെ സിംഹഭാഗം അതിന്‍റെ പ്രധാന കാരണക്കാരായ യുഎസ് അടക്കമുള്ള വികസിത രാജ്യങ്ങളിൽനിന്ന് ഈടാക്കണമെന്നാണ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
ട്രംപ് ആകട്ടെ, കാലാവസ്ഥാ വ്യതിയാനത്തിനു ഫണ്ട് കണ്ടെത്തുന്നത് യുഎസിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന നിലപാടുകാരനും! ആഗോള താപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിയിൽ നിന്ന് പിൻമാറുമെന്ന പരസ്യ പ്രഖ്യാപനത്തിനു പോലും മടിച്ചിട്ടില്ലാത്ത നേതാവ്! ഇങ്ങനെയൊരു പശ്ചാത്തലത്തിൽ, വ്യാവസായിക മുന്നേറ്റങ്ങളൊന്നുമില്ലാത്ത ദരിദ്ര രാജ്യങ്ങൾക്കു മേലാണ് സാമ്പത്തിക ബാധ്യത വന്നു ചേരുക. കാലാവസ്ഥാ വ്യതിയാനത്തിനു പ്രധാന കാരണക്കാരായ ചുരുക്കം വ്യാവസായിക രാഷ്‌ട്രങ്ങളുടെ ചെയ്തികൾക്ക് വില കൊടുക്കാൻ ഭൂരിപക്ഷം വരുന്ന ദരിദ്രർ ബാധ്യസ്ഥരാകും.
കഴിഞ്ഞ വർഷം ദുബായിൽ നടത്തിയ കാലാവസ്ഥാ ഉച്ചകോടിയിൽ, പെട്രോളിയത്തിൽനിന്ന് ഹരിത ഇന്ധനങ്ങളിലേക്കു മാറാനുള്ള സന്നദ്ധത ലോകരാജ്യങ്ങൾ പ്രഖ്യാപിച്ചതാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി ഇത് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. പെട്രോളിയം സമൃദ്ധമായ ഗൾഫ് രാജ്യങ്ങൾ പോലും സൗരോർജം അടക്കമുള്ള ബദൽ ഊർജ സ്രോതസുകളിൽ കൂടുതൽ മുതൽമുടക്ക് നടത്തിവരുകയും ചെയ്യുന്നു. എന്നാൽ, പെട്രോളിയം ഇന്ധനങ്ങളുടെ വക്താവായ ട്രംപ് വീണ്ടും വൈറ്റ് ഹൗസിൽ അമർന്നിരിക്കുന്നതോടെ ഈ നയങ്ങളിൽ നിന്നൊരു തിരിച്ചുപോക്ക് തന്നെ പ്രതീക്ഷിക്കണം. ലോകത്തെ ഏറ്റവും വലിയ പെട്രോളിയം ഉത്പാദക രാജ്യമാണ് യുഎസ്. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനമുണ്ടാകുന്നതും മറ്റെവിടെയുമല്ല. അതുകൊണ്ടുതന്നെയാണ്, കാർബൺ ബഹിർഗമനത്തിന്‍റെ ഭീഷണികളെ നിരന്തരം പുച്ഛിച്ചു തള്ളുന്നൊരു നേതാവ് യുഎസിന്‍റെ പ്രസിഡന്‍റാകുന്നത് ഭൂമിക്കുന്ന തന്നെ അപകടമായി മാറുന്നത്. എണ്ണ ഉത്പാദന മേഖലയുടെ വക്താവായി ട്രംപ് നിലകൊള്ളുമ്പോൾ ലോകത്തിനു കിട്ടുന്ന സന്ദേശം ആശങ്കാജനകമാണ്: പാരമ്പര്യേതര ഊർജ സ്രോതസുകളിലേക്കു മാറാനുള്ള ലോകത്തിന്‍റെ ചെറു ചുവടുകൾ പോലും ഇടറാൻ പോന്ന തലത്തിലേക്ക് യുഎസിന്‍റെ പെട്രോളിയം ഉത്പാദനം വർധിക്കും!
''ഞങ്ങൾ കുഴിക്കും, വീണ്ടും കുഴിക്കും'' എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന് അക്കാര്യത്തിൽ മനസ്താപമുണ്ടാകുമെന്നൊന്നും പ്രതീക്ഷ വേണ്ട. ആഭ്യന്തര ഇന്ധന ഉത്പാദനം, അതായത് പെട്രോളിയം ഉത്പാദനം, വർധിപ്പിക്കുക എന്നത് അദ്ദേഹത്തിന്‍റെ പ്രഖ്യാപിത നയമാണ്. അതുവഴി ഇന്ധനച്ചെലവ് കുറയ്ക്കാമെന്നാണ് ട്രംപ് പറയുന്നത്. 'ദ്രാവക സ്വർണം' എന്ന് പെട്രോളിയത്തെ ഓമനിക്കാൻ അദ്ദേഹത്തിനൊരു മടിയുമില്ല. 2010 മുതലിങ്ങോട്ട് ഫോസിൽ ഫ്യുവൽ, ഷെയിൽ ഓയിൽ ഉത്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുക തന്നെയാണ് യുഎസ്. ഇതിനിയും പലമടങ്ങ് കൂട്ടുക എന്നതാണ് ട്രംപിന്‍റെ നയം. ആഗോള പാരിസ്ഥിതിക ലക്ഷ്യങ്ങളിലേക്കുള്ള അകലം അപകടകരമായി വർധിക്കാൻ ഇതിടയാക്കും. ഒപ്പം, ശുദ്ധമായ ഊർജം എന്ന ലക്ഷ്യത്തിൽനിന്നു വ്യതിചലിച്ച്, ലോകത്തിന്‍റെ പ്രാഥമിക ഊർജ സ്രോതസ് എന്ന നിലയിൽ ഫോസിൽ ഫ്യുവലുകളുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യും.
എണ്ണ, വാതക വ്യവസായ മേഖലയിൽ ട്രംപിനു ലഭിക്കുന്ന സ്വീകാര്യത പലതിന്‍റെയും സൂചനയാണ്. 'ഊതിപ്പെരുപ്പിച്ച കണക്കുകളുടെ' അടിസ്ഥാനത്തിൽ ജോ ബൈഡൻ ഭരണകൂടം തയാറാക്കിയ ഹരിത നയങ്ങളെല്ലാം ട്രംപ് തൂത്തെറിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു. 'നികുതിദായകരുടെ പണം പാഴാക്കിക്കളയുന്ന' ഹരിത സബ്സിഡികൾ പിൻവലിക്കപ്പെടുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. യുഎസിന്‍റെ ഇന്ധന ശേഷി വർധിപ്പിക്കാൻ ട്രംപിനു സാധിക്കുമെന്നാണ് രാജ്യത്തെ വ്യവസായ ലോകത്തിന്‍റെ 'പ്രതീക്ഷ'. ഏത് ഇന്ധനത്തിൽ ഓടുന്ന വാഹനം വാങ്ങണമെന്ന് തീരുമാനിക്കാനുള്ള അമെരിക്കക്കാരുടെ 'മൗലികാവകാശം' ട്രംപ് സംരക്ഷിക്കുമെന്നാണ് അവർ പറയുന്നത്- പാരിസ്ഥിതിക ആശങ്കകൾക്കു മേൽ വ്യക്തി താത്പര്യങ്ങൾക്കു മുൻഗണന ലഭിക്കുന്ന പ്രത്യേകതരം അജൻഡ!
കാര്യങ്ങൾ ഒട്ടു ആശാവഹമല്ല. 'വെട്ടൊന്ന് മുറി രണ്ട്' ശൈലിക്കാരനായ ട്രംപ് അർധശങ്കയ്ക്കിടയില്ലാത്ത വിധം തന്‍റെ നയം പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു. യുഎസിന്‍റെ നിയുക്ത പ്രസിഡന്‍റ്, ഹരിത നയങ്ങൾക്കു നേരേ കാണിക്കാനുള്ള ചുവപ്പ് കാർഡും കീശയിലിട്ടു നിൽക്കുമ്പോൾ, പരിസ്ഥിതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെയെല്ലാം ഭാവി അപകടത്തിലാണ്. 'അമെരിക്കയെ വീണ്ടും ഒന്നാമതാക്കുക' എന്ന ട്രംപിന്‍റെ ലക്ഷ്യത്തിന് ഊർജം പകരുന്ന ഇന്ധനമാണ് പെട്രോളിയം. പ്രകൃതിയോടു ചെയ്യുന്ന പാപത്താൽ പങ്കിലമാണ് അതിൽനിന്നുയരുന്ന പുകച്ചുരുളുകൾ, അവശേഷിക്കുന്ന പ്രതീക്ഷകളുടെ പച്ചപ്പിനെയും വിഴുങ്ങാൻ അതിനു ശേഷിയുണ്ട്.