സോഫ്റ്റ് പവർ ഇൻഡെക്‌സ് 2024: മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്

ആഗോള തലത്തിൽ പത്താം സ്ഥാനം; സ്‌പെയിൻ, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിൽ
UAE 1st in Middle East soft power index
സോഫ്റ്റ് പവർ ഇൻഡെക്‌സ് 2024: മിഡിൽ ഈസ്റ്റിൽ യുഎഇ ഒന്നാമത്
Updated on

ദുബായ്: 2024ലെ സോഫ്റ്റ് പവർ സൂചികയിൽ 57.7 പോയിന്‍റുമായി യുഎഇ മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ പത്താം സ്ഥാനവും നേടി. സ്‌പെയിൻ, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ തുടങ്ങിയ പ്രമുഖ രാജ്യങ്ങളെക്കാൾ മുന്നിലാണ് യുഎഇ. വിപുലവും സമഗ്രവുമായ ഗവേഷണം, നൂറിലധികം രാജ്യങ്ങളിൽനിന്നായി 1.70 ലക്ഷത്തിലധികം വ്യക്തികളുടെ സർവേ, ലോകമെമ്പാടുമുള്ള 193 ദേശീയ ബ്രാൻഡുകളുടെ വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്ലോബൽ സോഫ്റ്റ് പവർ സൂചിക.

ഈ വർഷം യുഎഇ ദേശീയ ബ്രാൻഡിന്‍റെ മൂല്യം ഒരു ട്രില്യൺ ഡോളർ കവിഞ്ഞു. 2023ഇൽ ഇത് 957 ബില്യൺ ഡോളറായിരുന്നു. സൂചികയുടെ ഉപ റാങ്കിംഗിൽ സ്വാധീനത്തിന്‍റെ കാര്യത്തിൽ യുഎഇ ആഗോള തലത്തിൽ എട്ടാം സ്ഥാനത്താണ്. ആഗോള പ്രശസ്തിയുടെ കാര്യത്തിൽ ശക്തവും ഗുണപരവുമായ പ്രതിച്ഛായ പ്രതിഫലിപ്പിച്ച് യുഎഇ 16-ാം സ്ഥാനത്തെത്തി. ദേശീയ ബ്രാൻഡ് പരിചയത്തിന്‍റെ കാര്യത്തിൽ രാജ്യം 38-ാം സ്ഥാനത്താണ്.

നയതന്ത്ര സമൂഹത്തിന്‍റെ സ്വാധീനവും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ ഗുണനിലവാരവും വിലയിരുത്തുന്ന ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ യുഎഇ 9-ാം സ്ഥാനത്താണ്. പ്രാദേശിക സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയും സ്ഥിരതയും രാജ്യത്ത് ബിസിനസ്സ് ചെയ്യാനുള്ള സാഹചര്യങ്ങളും സമ്പദ്‌ വ്യവസ്ഥയുടെ ഭാവി വളർച്ചാ സാധ്യതകളും വിലയിരുത്തുന്ന ട്രേഡ് ആൻഡ് ബിസിനസ് വിഭാഗത്തിൽ രാജ്യം പത്താം സ്ഥാനത്താണ്.

മാധ്യമങ്ങളുടെ സ്വാധീനവും വിശ്വാസ്യതയും അളക്കുന്ന മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ യുഎഇ പതിനൊന്നാം സ്ഥാനത്താണ്. കൂടാതെ, ആഗോള തലത്തിലെ നേതാക്കളുടെ സ്വാധീനം, രാഷ്ട്രീയ സ്ഥിരത, നല്ല ഭരണം, സുരക്ഷയും സംരക്ഷണവും, സുതാര്യത, അഴിമതിയെക്കുറിച്ചുള്ള ധാരണകൾ എന്നിവ അളക്കുന്ന ഭരണത്തിൽ ആഗോള തലത്തിൽ 14-ാം സ്ഥാനത്താണ് രാജ്യം. വിദ്യാഭ്യാസത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും മേഖലയിൽ യുഎഇ 16-ാം സ്ഥാനത്താണ്. ഹരിത ഊർജം, സാങ്കേതിക വിദ്യ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ സുസ്ഥിരതയിലും നിക്ഷേപത്തിലും യുഎഇ 17-ാം സ്ഥാനത്താണ്.

എക്‌സ്‌പോ 2020, ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ 28ആം സെഷനായ കോപ് 28, വളരുന്ന ടൂറിസം, സാമ്പത്തിക സംരംഭങ്ങൾ എന്നിവയുൾപ്പെടെ ശക്തവും സുസ്ഥിരവുമായ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിലൂടെ യുഎഇ അതിന്‍റെ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിച്ചു. 78.8 പോയിന്‍റുമായി അമേരിക്കയാണ് ആഗോള റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കുള്ള രാജ്യം. 71.8 പോയിന്‍റുമായി യു കെ , 71.2 പോയിന്‍റുമായി ചൈന എന്നിവയാണ് തൊട്ടടുത്ത സ്‌ഥാനങ്ങളിൽ . 70.6 പോയിന്‍റുമായി ജപ്പാൻ നാലാം സ്ഥാനത്താണുള്ളത്. 69.8 പോയിന്‍റുമായി ജർമനി അഞ്ചാം സ്ഥാനത്തുമുണ്ട്.

Trending

No stories found.

Latest News

No stories found.