അബുദാബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് തിങ്കളാഴ്ച തുടക്കമാവും.യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ഗാസ, സുഡാൻ പ്രതിസന്ധികൾ ചർച്ച ചെയ്യും.
വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി അറിയിച്ചു. യു എഇയും അമേരിക്കയും തമ്മിൽ അമ്പത് വർഷത്തിലേറെയായി നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം.
യുഎഇ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അമേരിക്ക സന്ദർശിക്കുന്നത്. സമ്പദ് വ്യവസ്ഥ, വാണിജ്യം, സാങ്കേതിക വിദ്യ, നിർമിത ബുദ്ധി, ബഹിരാകാശ സഹകരണം, പുനരുപയോഗ ഊർജം എന്നീ വിഷയങ്ങളെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് അമേരിക്കൻ രാഷ്ട്ര നേതാക്കളുമായി ചർച്ച ചെയ്യും.
ഗാസ, സുഡാൻ വിഷയങ്ങളിൽ മനുഷ്യത്വപരമായ പരിഹാരം കണ്ടെത്താനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദ് ആരായും.