പുതിയ രാജാവിന്‍റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടൻ

ശനിയാഴ്ച വെസ്റ്റ്മിനിസ്റ്റർ അബിയിലാണ് ചാൾസ് 3-ാമന്‍റെ കിരീടധാരണം
പുതിയ രാജാവിന്‍റെ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടൻ
Updated on

ലണ്ടൻ: പുതിയ രാജാവിന്‍റെ കിരീടധാരണത്തിനുള്ള തയാറെടുപ്പുകളിൽ മുഴുകി ബ്രിട്ടൻ. കിരീടധാരണ ദിനത്തിൽ 70 വർഷത്തിനിടെ രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് സൈന്യം.

ശനിയാഴ്ച വെസ്റ്റ്മിനിസ്റ്റർ അബിയിലാണ് ചാൾസ് 3-ാമന്‍റെ കിരീടധാരണം. കിരീടധാരണത്തിനു ശേഷം രാജാവും രാജ്ഞിയും ബക്കിങ് ഹാം കൊട്ടാരത്തിന്‍റെ മട്ടുപ്പാവിൽ നിന്ന് താഴെ തടിച്ചു കൂടിയ പ്രജകളെ നോക്കി കൈകൾ വീശും.

ബ്രിട്ടീഷ് ജനത ഇപ്പോഴും രാജഭരണത്തെ പിന്തുണയ്ക്കുന്നുവെന്നതിന്‍റെ തെളിവാണ് കിരീടധാരണ ദിവസത്തിനായുള്ള ഈ തയാറെടുപ്പുകളെല്ലാം. അമെരിക്കൻ പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പിനോടാണ് ചരിത്രകാരൻ റോബർട്ട് ലാസി കിരീടധാരണത്തിനുള്ള രാജ്യത്തിന്‍റെ തയാറെടുപ്പിനെ താരതമ്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലൂടെയാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന ജനക്കൂട്ടം രാജാവിന്‍റെ ജനകീയത തെളിയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് ലാസി പറയുന്നു.

രാജ്യം കിരീടധാരണത്തിനൊരുങ്ങുകയാണെങ്കിലും രാജകുടുംബത്തിന് ഇതത്ര നല്ല കാലമല്ലെന്നു വേണം കരുതാൻ. രാജ കുടുംബത്തോടുള്ള ഇഷ്ടം കാലം പോകും തോറും കുറഞ്ഞു വരുകയാണെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. യുവാക്കൾക്കിടയിൽ രാജകുടുംബത്തോടുള്ള താത്പര്യം കുറഞ്ഞു വരുകയാണ്. അതു മാത്രമല്ല രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഇത്രയേറെ പണം ചെലവഴിച്ച് കിരീടധാരണം നടത്തുന്നതിനെ വിമർശിക്കുന്നവർ ധാരാളമാണ്.

എങ്കിലും കിരീടധാരണത്തിന്‍റെ പൊലിമ കുറയ്ക്കാൻ രാജകുടുംബം തയാറല്ല. രണ്ടു മണിക്കൂർ സമയമാണ് ചടങ്ങുകൾക്കായി മാറ്റി വച്ചിരിക്കുന്നത്. ചടങ്ങിൽ ചാൾസിന്‍റെ ഇളയ മകൻ ഹാരി പങ്കെടുക്കുമെങ്കിലും ഹാരിയുടെ ഭാര്യ മേഗനും മക്കളും കാലിഫോർണിയയിൽ തന്നെ തുടരും.

Trending

No stories found.

Latest News

No stories found.